സ്‌പോട്‌സ് ലേഖകൻ
നാഗ്പൂർ: കുട്ടി ക്രിക്കറ്റിന്റെ ആഘോഷത്തിന് ഇന്ന് നാഗ്പൂരിൽ തുടക്കം കുറിക്കും. ഇന്ന് നടക്കുന്ന ആദ്യ രൗണ്ട് മത്സരങ്ങളിൽ സ്‌കോട്ട് ലാന്റ് അഫ്ഗാനിസ്ഥാനെയും സിംബാവെ ഹോങ്കോങ്ങിനേയും നേരിടും. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. ഇതിൽ വിജയിക്കുന്നവർ സൂപ്പർ ടെൻ മത്സരത്തിലേക്ക് കടക്കും. ന്യൂസിലാന്റ്, പാക്കിസ്താൻ, ഓസ്‌ട്രേലിയ എന്നിവർ ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലാണ് ടീം ഇന്ത്യ. നാഗ്പൂരിൽ 15ന് ന്യൂസിലാന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
തോൽവിയറിയാതെ ഏഷ്യാ കപ്പുയർത്തിയ ശേഷം സ്വന്തം തട്ടകത്തിൽ ലോക കപ്പിനിറങ്ങുന്ന ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ കറുത്ത കുതിരകൾ. ഏഷ്യാ കപ്പ് ജയത്തോടെ ട്വന്റിട്വന്റി റാങ്കിംഗിൽ ഇന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. മികച്ച ഫോമിലുള്ള രോഹിത് ശർമയും വിരാട് കോഹ്ലിയുമാണ് ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തുന്നത്. അവസരോചിതമായി ബാറ്റ് വീശുന്ന ധവാൻ, യുവരാജ് സിംഗ്, റെയ്‌ന എന്നിവരും മികച്ച ഫോമിലാണ്. അവസാന ഓവറുകളിലെ സമ്മർദ്ദം താൻ ഉള്ളിടത്തോളം നിസാരമാണെന്ന് ഏഷ്യാ കപ്പിലെ ഫൈനൽ ഫിനിഷിംഗിലൂടെ ധോണി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പുത്തൻ കണ്ടുപിടുത്തങ്ങളായ ഹർദിക് പാണ്ഡ്യ, പവൻ നേഗി എന്നിവർ ബാറ്റ് കൊണ്ടും ബോളു കൊണ്ടും ടീമിനെ പിന്തുണക്കാനാകുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ആർ അശ്വൻ, ബുംമ്ര തുടങ്ങിയ ബൗളർമാർ കൂടി ഫോമിലേക്കുയരുന്നതോടെ ഇന്ത്യ അജയ്യരായ ടീമായി മാറുമെന്നുറപ്പ്.2007
രണ്ടു വലിയ ടൂർണമെന്റുകൾ ഒരുമിച്ചു വന്നതിനാൽ വിശ്രമം പോലുമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ പരിശീലനം ചെയ്യുന്നത്. പ്രതീക്ഷകളേതുമില്ലാതെ 2007ൽ നടന്ന ആദ്യ വേൾഡ് കപ്പുയർത്തിയത് ഇന്ത്യയായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ട്വന്റിട്വന്റി ടീമായി വളർന്നു കഴിഞ്ഞ ഇന്ത്യയ്ക്ക് ചരിത്രം ആവർത്തിക്കാനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.