കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (മഹീന്ദ്ര ഫിനാന്‍സ്/എംഎംഎഫ്എസ്എല്‍) ക്വിക്ക്ലീസ് എന്ന പേരില്‍ പുതിയ ലീസിങ്, സബ്സ്ക്രിപ്ഷന്‍ സംരംഭം അവതരിപ്പിച്ചു. ഇത് വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളും ഒരുക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വാഹന ഉപയോക്താക്കള്‍ക്ക് ഒരു വാഹനം സ്വന്തമാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി പുതിയ വാഹനം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ സംരംഭമാണ് ക്വിക്ക്ലീസ്. വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, മുന്‍കൂട്ടി തീരുമാനിച്ചതും അപ്രതീക്ഷിതവുമായ അറ്റകുറ്റപ്പണികള്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ക്വിക്ക്ലീസ് ഏറ്റെടുക്കും. വ്യക്തികളുടെ പേരില്‍ വെളുത്ത നമ്പര്‍ പ്ലേറ്റും ആര്‍സി ബുക്കും ലഭിയ്ക്കും. ബി2ബി വിഭാഗത്തിന് കീഴില്‍ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും, പുതുതലമുറ ഉപയോക്താക്കളെയാണ് ബി2സിയില്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പൂനെ എന്നീ നഗരങ്ങളിലാണ് ക്വിക്ക്ലീസ് നടപ്പാക്കുന്നത്. രാജ്യത്തെ രണ്ടാം നിര നഗരങ്ങളിലേക്ക് അടക്കം ഉടന്‍ തന്നെ പദ്ധതി വ്യാപിപ്പിക്കുമെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വിവിധ ഓട്ടോമോട്ടീവ് ഒഇഎമ്മുകളുമായുള്ള പങ്കാളിത്തത്തോടെ ലീസിങും സബ്സ്ക്രിപ്ഷനും നടപ്പിലാക്കാന്‍ ക്വിക്ക്ലീസ് ചര്‍ച്ചകള്‍ നടത്തുകയുമാണ്. കാര്‍ ലീസിങും സബ്സ്ക്രിപ്ഷനും ഇന്ത്യയില്‍ ലാഭകരവും അതിവേഗം വളരുന്നതുമായ ബിസിനസാണ്. റീട്ടെയ്ല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമായിരിക്കും. പുതുതലമുറയ്ക്കും കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാക്കുന്നതില്‍ മഹീന്ദ്ര ഫിനാന്‍സിനെ മുന്‍നിരയില്‍ നിര്‍ത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മഹീന്ദ്ര ഫിനാന്‍സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രമേഷ് അയ്യര്‍ പറഞ്ഞു. വ്യക്തിഗത ഉപയോക്താക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഇഷ്ടാനുസൃതം തെരഞ്ഞെടുക്കാവുന്ന അതുല്യവുമായ പാക്കേജുകള്‍ അവര്‍ ആവേശപൂര്‍വം ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് മഹീന്ദ്ര ഫിനാന്‍സ് ചീഫ് ഓര്‍പ്പറേറ്റിങ് ഓഫീസര്‍ രാഹുല്‍ റെബെല്ലോ പറഞ്ഞു. ഉപയോക്താക്കള്‍ വാഹനം സ്വന്തമാക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും ക്വിക്ക്ലീസ് ഏളുപ്പത്തില്‍ അത് ലഭ്യമാക്കുമെന്നും ഈ രംഗത്ത് വന്‍ വളര്‍ച്ചാ സാധ്യതയാണ് കാണുന്നതെന്നും ക്വിക്ക്ലീസ് എസ്വിപിയും ബിസിനസ് മേധാവിയുമായ ടുറ മുഹമ്മദ് വ്യക്തമാക്കി.,,,
November 17, 2021 6:15 pm