തഹസീൽദാരെ സ്ത്രീകൾ തട്ടിക്കൊണ്ടു പോയി; പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണി

സ്വന്തം ലേഖകൻ

ജയ്പ്പൂർ: തഹസീൽദാരെ തട്ടിക്കൊണ്ടു പോയി മൂന്നു സ്ത്രീകൾ അടങ്ങുന്ന സംഘം തടങ്കലിൽ പാർപ്പിച്ചതായി പൊലീസ്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ തഹസീൽദാരെ പീഡനക്കേസിൽ കുടുക്കുമെന്നും സ്ത്രീകൾ ഭീഷണിപ്പെടുത്തി. 62 വയസ്സുകാരനായ റിട്ട. തഹസിൽദാർ മനോഹർ ലാലിനാണ് ദൗർഭാഗ്യകരമായ ഈ സംഭവങ്ങളെ അതിജീവിക്കേണ്ടി വന്നത്. മൂന്നു സ്ത്രീകൾ മാത്രമടങ്ങുന്ന സംഘം ലാലിനെ തട്ടിക്കൊണ്ടു പോയി, മോചനത്തുക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾക്ക് പണമെത്തിച്ചില്ലെങ്കിൽ, ലാലിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകുമെന്നായിരുന്നു സ്ത്രീകളുടെ ഭീഷണി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തട്ടിക്കൊണ്ടു പോകൽ സംഭവങ്ങളുടെ പോലീസിന്റെ ഭാഷ്യം:
രാജസ്ഥാനിലെ ശ്രീഗംഗാനഗർ സ്വദേശിയായ മനോഹർ ലാൽ, 2 വർഷം മുമ്പ് തഹസിൽദാർ തസ്തികയിൽ നിന്നു വിരമിച്ച വ്യക്തിയാണ്. ഭാദ്രയിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ 32 വയസ്സുകാരിയായ സുമന ലാലിന് പരിചയമുണ്ടായിരുന്നു.

ചുരുവിൽ ലാലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സുമൻ ലാലിനെ ഫോണിൽ വിളിച്ചു നേരിട്ടു കാണണമെന്നു ആവശ്യപ്പെട്ടു. പ്രതിമാസം നല്ലൊരു തുക വാടകയിനത്തിൽ ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിടുന്നതിനും വേണ്ടി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തണമെന്നും സുമൻ പറഞ്ഞു. അങ്ങനെയാണ് മനോഹർ ലാൽ അവിടെയെത്തുന്നത്.

സുമനെ കൂടാതെ മറ്റ് രണ്ടു സ്ത്രീകൾ കൂടി അവിടെ ഉണ്ടായിരുന്നു. ഷീലാദേവി, സുലോചന ദേവി എന്നാണ് അവർ സ്വയം പരിചയപ്പെടുത്തിയത്. മനോഹർ ലാലിനെ നിർബന്ധപൂർവ്വം അവർ ഒരു കാറിൽ കയറ്റി അജ്ഞാതമായ പ്രദേശങ്ങളിൽ കൂടി യാത്ര ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ചാൽ തങ്ങളായിരിക്കും ഒച്ച വച്ചു ആളെ കൂട്ടുന്നത് എന്നായിരുന്നു ഈ സ്ത്രീകളുടെ ഭീക്ഷണി. കൂടാതെ തങ്ങളെ ലൈംഗികമായി ലാൽ ആക്രമിക്കുവാൻ ശ്രമിച്ചു എന്നും പരാതിപ്പെടും. ലാലിനെ |മോചിപ്പിക്കുന്നതിനായി ഇവർ 2.5 ലക്ഷം രൂപയുടെ ആവശ്യവും മുന്നോട്ടു വച്ചു. വീട്ടുകാർ ഈ വിവരം പോലീസിനെ അറിയിക്കുകയും, പോലീസിന്റെ നിർദ്ദേശപ്രകാരം 2.5 ലക്ഷം രൂപ സ്ത്രീകൾക്ക് കൈമാറുകയും ചെയ്തു. തുക കൈപറ്റി, ലാലിനെ മോചിപ്പിച്ചു മടങ്ങും വഴി പോലീസ് മൂവരെയും കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.

മൂവരും സമാനമായ രീതിയിൽ മുമ്പും പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാനഹാനി ഭയന്നു ആരും പരാതിപ്പെടാൻ തയ്യാറാകില്ല. കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പോലീസ് അറിയിച്ചു.

Top