തായ്‌പേയ്: തായ്‌വാനെതിരെ യുദ്ധഭീക്ഷണി മുഴക്കി ചൈന .തായ്‌വാൻ കടലിടുക്കിനു ചുറ്റും വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ചൈനയുടെ നീക്കം . യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതിൽ ചൈന കടുത്ത പ്രതിഷേധം തുടരുകയാണ് .നിരവധി യുദ്ധ വിമാനങ്ങളും , കപ്പലുകളും കടലിടുക്കിൽ സൈനികാഭ്യാസം നടത്തുകയാണ്. യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ചൈനയോട് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് തായ്‌വാന്റെ നിലപാട്.
അതിനിടെ തയ്‌വാന്റെ മിസൈൽ വികസന പദ്ധതിക്കു നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തയ്‌വാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസർച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
തയ്‌വാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ ചുങ്–ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലി–സിങ്ങിനെ, ദക്ഷിണ തയ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ഇന്നു പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം. തയ്‌വാന്റെ മിസൈൽ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ചുമതല ഈ വർഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തയ്‌വാന്റെ മിസൈൽ നിർമാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയർത്താനുള്ള നടപടികൾ മുന്നോട്ടു പോകുമ്പോഴാണ് നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ മരണം. ചൈനയിൽ നിന്നുള്ള സൈനിക വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാനാണ് തയ്‌വാൻ മിസൈൽ സംവിധാനം പരിഷ്കരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചൈന കടലിടുക്കുകളിലേക്ക് അതിക്രമം നടത്തുകയും തായ്‌വാന്റെ വിവിധ പ്രാദേശികളിലേക്ക് ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു. കടുത്ത ജാഗ്രത നിർദേശമാണ് ഇതിനെത്തുടർന്ന് സർക്കാർ നൽകിയിരിക്കുന്നത്. ചൈനയെ പ്രതിരോധിക്കാൻ തങ്ങളാൽ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിസൈലും, യുദ്ധവിമാനങ്ങളും, കപ്പലുകളും അതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമാണ് ചൈനയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു നടപടി ഉണ്ടാകുന്നത്. അമേരിക്കയോടുള്ള ചൈനയുടെ എതിർപ്പും ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്. ഇന്നലെ 68 സൈനിക വിമാനങ്ങളും , 13 യുദ്ധ കപ്പലുകളും സമുദ്രാതിർത്തികളിൽ സൈനിക പരിശീലനം നടത്തിയിരുന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാൻസി പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തയ്‌വാനെ ഉന്നമിട്ട് ചൈന നടത്തുന്ന സൈനിക അഭ്യാസം ശക്തമായി തുടരുന്നതിനിടെയാണ് രാജ്യത്തിന്റെ മിസൈൽ പദ്ധതിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.