സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിനെ തള്ളി വീണ്ടും ബിജെപി നേതാക്കളുടെ പ്രസ്താവന. ഇന്ത്യൻ സംസ്കാരത്തിനാകെ അപമാനമാണ് താജ് മഹൽ എന്നാണ് ബിജെപി എംഎൽഎ സംഗീത് സോമിന്റെ വാദം.
ഉത്തർപ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റിൽ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
സ്വന്തം പിതാവിനെ തടവിൽ പാർപ്പിച്ചയാളാണ് താജ് മഹലിന്റെ നിർമാതാവായ ഷാജഹാൻ. ഇന്ത്യയിൽ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാൻ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കിൽ ആ ചരിത്രം നമ്മൾ മാറ്റുമെന്നും സംഗീത് സോം അറിയിച്ചു.
അടുത്തിടെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസ്റ്റ് ബുക്ക്ലെറ്റ് പുറത്തിറക്കിയത്. ഇതിൽ നിന്ന് താജ് മഹലിന് ഒഴിവാക്കുകയും ഗോരഖ്പുർ ക്ഷേത്രം ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
താജ് മഹലിന് ഇന്ത്യൻ സംസ്കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികൾക്ക് താജ് മഹലിന്റെ രൂപം നൽകുന്നതും യോഗി എതിർത്തിരുന്നു.