സ്വന്തം ലേഖകൻ
കാസർകോട്: ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്നു ഭർത്താവും കുടുംബവും ആവശ്യപ്പെട്ട തലാഖിനു വിസമ്മതിച്ച ഗർഭിണിയായ യുവതിയെ കുടുംബാംഗങ്ങൾ ചേർന്നു തല്ലിക്കൊന്നു. ഭർത്താവിന്റെ സഹോദരൻ അടക്കമുള്ളവർ ലൈംഗികമായി ഉപദ്രവിച്ചതായും യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പറയുന്നു. മുള്ളേരിയ കിന്നിംഗാറിലെ പരേതനായ മുഹമ്മദ് അലി സഫിയ ദമ്പതികളുടെ മകൾ ഫായിസ(24)യുടെ മരണം ഭർത്താവിന്റെ കുടുംബാംഗങ്ങളുടെ പീഡനത്തെ തുടർന്നാണെന്ന പരാതിയുമായാണ് പിതാവും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു വർഷം മുൻപായിരുന്നു ഫായിസയുടെ വിവാഹമെന്നു പൊലീസ് പറയുന്നു. ഗർഫിലായിരുന്ന ഭർത്താവ് സാദ്ദിഖ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയ ശേഷം തായ്‌ലൻഡിലേയ്ക്കു മറ്റൊരു ജോലിയ്ക്കു പോകുകയായിരുന്നു. സാദ്ദിഖിനു തായ്‌ലൻഡിൽ ജോലിയ്ക്കു പോകുന്നതിനായി പണം ആവശ്യപ്പെട്ട് ഫായിസയുടെ പിതാവിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, തന്റെ കയ്യിൽ ഇതിനുള്ള പണമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കുടിശികയുള്ള സ്ത്രീധന തുക നൽകണമെന്നും സാദ്ദിഖ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു കൂടുതൽ സമയം അനുവദിക്കണമെന്നും ഫായിസയുടെ പിതാവ് അഭ്യർത്ഥിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും ഉണ്ടായിരുന്നു.
തിരികെ വീട്ടിലെത്തിയ സാദ്ദിഖ് ഫായിസയെ മർദിച്ചു. പണം ലഭിക്കില്ലെന്നറിഞ്ഞതോടെ ക്രൂരമായ മർദനമാണ് സാദ്ദിഖ് നടത്തിയതെന്നാണ് പരാതി. തുടർന്നു സാദ്ദിഖിന്റെ സഹോദരിയുടെ പക്കൽ നിന്നു പണം കടംവാങ്ങി തായ്‌ലൻഡിലേയ്ക്കു പോകുകയായിരുന്നു. ഇതേച്ചൊല്ലിയാണ് കുടുംബാംഗങ്ങൾ ഫായിസയെ ആക്രമിച്ചത്. മുറിയിൽ പൂട്ടിയിട്ട് ഭക്ഷണം പോലും നൽകാതെ പൂർണ നഗ്നയാക്കിയാണ് കുട്ടിയെ ആക്രമിച്ചത്. ക്രൂര പീഡനത്തിനിരയായി കുട്ടി മരിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്. തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.