ഉദ്ദംസിങ്നഗര്‍: നീതികിട്ടിയില്ലെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ഹുന്ദുമതത്തിലേക്കുള്ള മതം മാറ്റം എന്നിവ മാത്രമേ പോം വഴിയുള്ളൂവെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും അഭ്യര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. ബുധനാഴ്ച്ച മുതല്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഷമീം ജഹാന്‍ എന്ന യുവതിയാണ് വീഡിയോയിലൂടെ പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം തേടുന്നത്.
പോലീസ് സ്റ്റേഷനില്‍ വെച്ച് ഷമീമയുടെ ഭര്‍ത്താവ് ആസിഫ് മൊഴിചൊല്ലിയെന്നാണ് ഇവര്‍ പറയുന്നത്.’സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് മതം മാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുകയാണ്. കാരണം ഹിന്ദുമതത്തില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല.
അതല്ലെങ്കില്‍ എന്റെ മുന്നില്‍ ആത്മഹത്യ മാത്രമാണ് പോംവഴി’, വീഡിയോയില്‍ അവര്‍ പറയുന്നു.12 വര്‍ഷം മുമ്പാണ് ഷമീം ആസിഫിനെ വിവാഹം ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം ആസിഫ് ബന്ധം വേര്‍പിരിഞ്ഞു. എന്നാല്‍ മുതിര്‍ന്നവരുടെ ഉപദേശം മാനിച്ച് 40 ദിവസത്തെ ഹലാല കാലാവധി പൂര്‍ത്തിയാക്കി ഇരുവരും ഒന്നിച്ചു.
എന്നാല്‍ അതിനുശേഷം താന്‍ നിരന്തരം പീഡനത്തിനിരയാവുകയായിരുന്നുവെന്ന് ഷമീം പറയുന്നു.
താന്‍ നേരിടുന്ന ഉപദ്രവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗദര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ ഷമീം പരാതി നല്‍കി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ആസിഫ് പോലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഷമീം ആരോപിക്കുന്നു.