കാബൂള്‍: ഇന്ന് വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ ഉണ്ടാക്കുന്നതു സംബന്ധിച്ചു താലിബാനും അഫ്ഗാനിസ്ഥാനിലെ മറ്റു നേതാക്കളും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ട്. താലിബാൻ പരമോന്നത നേതാവ് ഹൈബത്തുല്ല അബുൻസാദയായിരിക്കും ഭരണകൂടത്തിന്റെ തലവൻ എന്നു താലിബാൻ സാംസ്കാരിക കമ്മിഷൻ അംഗം ബിലാൽ കരീമി പറഞ്ഞു.
സ്ത്രീസ്വാതന്ത്ര്യം അടക്കം നിരവധി വെല്ലുവിളികളാണ് താലിബാനുമുന്നിലുള്ളത്. പ്രാദേശികമായും അന്താരാഷ്ട്രീയമായും നിരവധി സമ്മര്‍ദ്ദങ്ങളുണ്ട്. അതിനിടയിലാണ് ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപനം. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഫ്പിയാണ് റിപോര്‍ട്ട് ചെയ്തത്.രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പഞ്ചശീര്‍ താഴ് വരയിലെ സായുധകലാപവും താലിബാനുമുന്നില്‍ വെല്ലുവിളിയാണ്.പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കാത്തിരുന്നുകാണാം എന്ന നിലപാടാണ് പൊതുവെ എടുത്തിരിക്കുന്നത്. എങ്കിലും താലിബാന്‍ നേതാക്കളുമായി പല രാജ്യങ്ങളും ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
അഫ്ഗാനിലെ കണ്ഡഹാറും മസറെ ഷെരീഫുമായി വ്യോബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പാകിസ്താന്റെ തലസ്ഥാനമായ ഇസ് ലാമാബാദില്‍ നിന്ന് വിമാന സര്‍വീസ് നടത്തുമെന്ന് യുഎന്‍ അറിയിച്ചിരുന്നു. മാനുഷികപരിഗണനവച്ചാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്. താലിബാന്‍ അധികാരംപിടിച്ചതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്തിട്ടുണ്ട്. പലരും പാകിസ്താനിലും ഇറാനിലുമായി അഭയാര്‍ത്ഥികളായി കഴിയുകയാണ്. ഖത്തറിലെ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ കാബൂള്‍ വിമാനത്താവളം അടുത്ത ദിവസത്തേടെ പ്രവര്‍ത്തനമാരംഭിക്കും.
അബുൻസാദയുടെ മൂന്നു പ്രധാന അനുയായികളിൽ ഒരാളായ മുല്ലാ അബ്ദുൽ ഗനി ബറാദറിനായിരിക്കും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാന്റെ ‘മുഖ’മായി അറിയപ്പെടുന്ന നേതാവാണു ബറാദർ. ‘കഴിഞ്ഞ സർക്കാരിലെ നേതാക്കളും ഇസ്‌ലാമിക് എമിറേറ്റ്സ് നേതാക്കളും തമ്മിലുള്ള ചർച്ചകള്‍ അവസാനിച്ചിരിക്കുന്നു. ധാരണയിൽ എത്തിക്കഴിഞ്ഞു. വരും ദിസങ്ങളിൽത്തന്നെ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും’– അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്താൻ യുഎസ് സേനയുടെ പൂർണ പിന്മാറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു താലിബാൻ എന്നു കാബൂൾ വൃത്തങ്ങളിൽനിന്നു സൂചനയുണ്ട്. യുഎസിന്റെ പിൻവാങ്ങലോടെ താലിബാൻ ക്യാംപ് കൂടുതൽ ആവേശത്തിലാണെങ്കിലും കനത്തെ വെല്ലുവിളിയാണു വരും നാളുകളിൽ താലിബാനെ കാത്തിരിക്കുന്നത്.