താലിബാന്റെ പിടിയില്‍ നിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയന്‍ പൗരന്‍ പീഡനക്കുറ്റത്തിന് അറസ്റ്റില്‍

 

 

മോണ്‍ട്രിയല്‍: ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട കാനഡ സ്വദേശി പീഡനക്കുറ്റത്തിന് അറസ്റ്റില്‍. താലിബാന്റെ പിടിയില്‍ നിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയന്‍ പൗരനെതിരെയാണ് ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള 15 കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ജോഷ്വ ബോയിലിന്റെ മേല്‍ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്‌ലന്‍ ക്യാംബെല്‍, അവരുടെ കനേഡിയന്‍ ഭര്‍ത്താവ് ജോഷ്വ ബോയില്‍, മൂന്നു മക്കള്‍ എന്നിവരെ പാക്ക് സൈന്യം മോചിപ്പിച്ചത്. പരാതിക്കാരിയുടെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ലെന്നു ബോയിലിന്റെ അഭിഭാഷകന്‍ എറിക് ഗ്രാങ്‌ഗെര്‍ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങള്‍ മര്‍ദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലില്‍ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കുറ്റങ്ങളെക്കുറിച്ചു ഭാര്യ കെയ്റ്റ്‌ലന്‍ ക്യാംബെല്‍ വിശദീകരിച്ചില്ലെങ്കിലും താലിബാന്റെ തടവില്‍ വര്‍ഷങ്ങള്‍ നീണ്ട പീഡനവും മറ്റു പ്രശ്‌നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു വ്യക്തമാക്കുന്നു. 2012ലാണ് താലിബാന്‍ ബോയിലിനെയും കോള്‍മാനെയും തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കള്‍ക്കും കോള്‍മാന്‍ ജന്മം നല്‍കിയത് താലിബാന്റെ തടവില്‍ വച്ചാണ്.

Top