ന്യുഡൽഹി: കാബൂള്‍ പിടിച്ചടക്കിയ താലിബാന്‍ സംഘത്തില്‍ മലയാളികളും ഉണ്ടോയെന്ന സംശയം പങ്കുവെച്ച് ശശി തരൂര്‍ എം പി. കാബൂള്‍ പിടിച്ചശേഷം സന്തോഷം കൊണ്ട് കരയുന്ന താലിബാന്‍ സൈനികരുടെ ദൃശ്യമാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്ന സംശയമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം സൂചിപ്പിക്കുന്നത്.നേരത്ത മലയാളികളായ ചിലര്‍ ഭീകരസംഘടനയായ ഐസിസില്‍ ചേരാന്‍ പോകുകയും അഫ്ഗാനില്‍ വച്ച് പിടിയിലായി ജയിലില്‍ അടയ്ക്കപ്പെട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സുപ്രീംകോടതി വരെ എത്തിയിരിക്കെയാണ് ശശി തരൂര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന താലിബാന്‍ സൈനികനുമായി ഒപ്പമുള്ളവര്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതില്‍ സംസാരിക്കട്ടെ, എന്നു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. “ശബ്ദത്തില്‍ നിന്ന് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തില്‍ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും”, എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത വീഡിയോയാണ് തരൂര്‍ വീണ്ടും ഷെയര്‍ ചെയ്തത്.
#Taliban fighter weeping in Joy as they reached outside #Kabul knowing there victory is eminent#Afganistan pic.twitter.com/bGg3ckdju0
— Ramiz (@RamizReports) August 15, 2021
ഇന്ത്യയിൽ നിന്നുള്ള മുൻ യു എൻ നയതന്ത്രജ്ഞനും വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്ത അണ്ടർ ജനറൽ സെക്രട്ടറിയുമായിരുന്നു ശശി തരൂർ.അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമക അടക്കം എട്ട് മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്.
കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.
ഭീകരസംഘടനയായ ഐ എസില്‍ ചേരാന്‍ 2016 ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു. എന്നാല്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കിയത്. മകളെയും ചെറുമകളെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം.
21 മലയാളികള്‍ ഐസിസില്‍ ചേരാന്‍ പോയി എന്നായിരുന്നു 2016ലെ വാര്‍ത്തകള്‍. സിറിയയിലേക്ക് പോയതാണെന്നും അതല്ല, അവര്‍ യമനില്‍ ആടുമേയ്ക്കാന്‍ പോയതാണെന്നും വാര്‍ത്തകള്‍ വന്നു. നിരന്തരം യുദ്ധങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന സിറിയയിലേക്കും യമനിലേക്കും മലയാളികള്‍ എന്തിന് പോകണം എന്ന ചോദ്യം പല കോണില്‍ നിന്നു ഉയരുകയും ചെയ്തു. പിന്നീടാണ് അക്കൂട്ടത്തില്‍പ്പെട്ട ചിലര്‍ അഫ്ഗാനില്‍ പിടിയിലായി ജയിലില്‍ അടയ്ക്കപ്പെട്ടു എന്ന വിവരം വന്നത്.