സർക്കാർ രൂപീകരണം നിയമവിരുദ്ധം..യുഎൻ ഭീകരപട്ടികയിലെ 14 പേർ താലിബാൻ സർക്കാരിൽ.താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി!

ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധമാണ്. അവരെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അഫ്ഗാൻ എംബസി വ്യക്തമാക്കി. എംബസി പുറത്തിറക്കിയ പ്രസ്താവനയിലാണ് താലിബാനെതിരായ പരാമർശം. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല സർക്കാരിലെ 14 അംഗങ്ങൾ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഭീകരപട്ടികയിൽ ഉള്ളവർ. ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദ്, ഉപപ്രധാനമന്ത്രിമാരായ മുല്ല ബറാദർ, മൗലവി അബ്ദുൽ സലാം ഹനഫി എന്നിവർ അടക്കമാണിത്. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയെ പിടിക്കാൻ യുഎസ് സർക്കാർ ഒരു കോടി ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, വിദേശകാര്യ മന്ത്രി മുല്ല അമീർ ഖാൻ മുത്തഖി എന്നിവരെല്ലാം രക്ഷാസമിതി 1988 ൽ കൊണ്ടുവന്ന പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും പ്രസ്താവനയിൽ പറയുന്നു. ദേശീയ താത്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന തീരുമാനമാണ് താലിബാന്റേത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. അഫ്ഗാനിസ്താന്റെ ദേശീയ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും എതിരായി മാത്രമല്ല, ലേകത്തിന്റെ തന്നെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരരാണ് കാബിനറ്റ് പദവിയിലെത്തിയിരിക്കുന്നത്. ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഫ്ഗാൻ എംബസി പറയുന്നു.

ഓഗസ്റ്റ് 15 മുതലാണ് താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുക്കാൻ തുടങ്ങിയത്. അന്ന് മുതൽ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കനത്ത സുരക്ഷയിലാണ്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്താൻ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവർ. 2001 മുതൽ യുഎസ് അധിനിവേശത്തിനെതിരെ പോരാടിയവരാണു താലിബാൻ പ്രഖ്യാപിച്ച കാബിനറ്റിലെ അംഗങ്ങളെല്ലാം. അമേരിക്കയുടെ ഗ്വാണ്ടനാമോ ജയിലിൽ 14 വർഷം തടവുശിക്ഷ അനുഭവിച്ച താലിബാന്റെ 5 നേതാക്കളും സർക്കാരിന്റെ ഭാഗമാണ്. മുഹമ്മദ് ഫാസിൽ (ഉപ പ്രതിരോധമന്ത്രി), ഖൈറുല്ല ഖൈർക്വ (സാംസ്കാരിക മന്ത്രി), മുല്ല നൂറുല്ല നൂരി (അതിർത്തി, ഗോത്രകാര്യ മന്ത്രി), മുല്ല അബ്ദുല്ല ഹഖ് വാസിഖ് (രഹസ്യാന്വേഷണ വിഭാഗം തലവൻ), മുഹമ്മദ് ഒമറി (ഖോസ്ത് പ്രവിശ്യ ഗവർണർ) എന്നിവരാണ് ഈ നേതാക്കൾ. 2014 ലാണ് യുഎസ് ഇവരെ വിട്ടയച്ചത്. ഫാസിലും നൂരിയും 1998 ൽ മസാരെ ഷെരീഫിലെ ഉസ്ബെക്, താജിക്, ഷിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയവരാണ്.

അഫ്ഗാനിസ്ഥാന്റെ സങ്കീർണമായ ഗോത്രവൈവിധ്യത്തെ ഉൾക്കൊള്ളും വിധം വിശാല സർക്കാരാണു താലിബാൻ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും മുഖ്യ ന്യൂനപക്ഷമായ ഹസാരെ സമൂഹത്തിനും സ്ത്രീകൾക്കും 33 അംഗ സർക്കാരിൽ പ്രാതിനിധ്യമില്ല. തീവ്രനിലപാടുകാരായ നേതാക്കളാണു പ്രധാനപദവികളിലെല്ലാം.

പ്രധാനമന്ത്രി മുല്ലാ ഹസൻ താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനായിരുന്നു. താലിബാൻ ഉന്നതാധികാര സമിതിയായ ശൂരാ കൗൺസിൽ മേധാവിയുമാണ്. സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയ ജലാലുദ്ദീൻ ഹഖാനിയുടെ മകനാണ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. അഫ്ഗാനിൽ യുഎസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണ്. ഹഖാനി കുടുംബത്തിലെ മറ്റു 2 അംഗങ്ങൾ കൂടി ഇടക്കാല സർക്കാരിലുണ്ട്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വർക്ക്. മന്ത്രിസഭയിലെ അവരുടെ നിർണായക പങ്കാളിത്തം പാക്ക് ഇടപെടലിനുള്ള വ്യക്തമായ തെളിവു കൂടിയാണ്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവൻ ജനറൽ ഫായിസ് ഹമീദ് കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായിരുന്നു.

ഇടക്കാല സർക്കാർ ശുഭപ്രതീക്ഷ നൽകുന്നില്ലെന്ന് ജർമനി പ്രതികരിച്ചു. അതേസമയം, അഫ്ഗാൻ പുനർനിർമാണത്തിലെ അനിവാര്യമായ ചുവടാണ് ഇടക്കാല സർക്കാർ രൂപീകരണമെന്നും രാജ്യത്തെ അരാജകത്വത്തിന് അവസാനമായെന്നും ചൈന പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കു പ്രാതിനിധ്യം ലഭിക്കാതെ പോയത് ആശങ്കാജനകമാണെന്ന് ഇറാൻ പ്രതികരിച്ചു. ശക്തമായ പാക്ക് മുദ്രയുള്ള സർക്കാർ എന്നാണു ഇന്ത്യയിലെ നയതന്ത്ര വിദഗ്ധർ വിലയിരുത്തിയത്.

Top