സ്വന്തം ലേഖകൻ
ചെന്നൈ: ഭർത്താവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത സിനിമാ താരത്തെ ഭർത്താവും കാമുകിയും ചേർന്നു കഴുത്തറുത്തു കൊലപ്പെടുത്തി തോട്ടിൽ തള്ളി. ചെന്നൈയിലെ സിനിമാ താരവും ടെലിവിഷൻ സീരിയൽ നടിയുമായ ശശിരേഖ (32)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഉടലിൽ നിന്ന് തലയറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭർത്താവ് രമേശ് (36) കാമുകിയും നടിയുമായ കോകില്യ കശിവ് (22)എന്നിവർ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാൽ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാർഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു.
ജനുവരി 4ന് ശശിരേഖയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം തലയറുത്ത് കനാലിലെറിയുകയും ശരീരം രണ്ട് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കുകയും ചെയ്തു. ശശിരേഖയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വലസരവക്കത്തുള്ള വീട്ടില്‍ നിന്നും കാശീവിനെ പിടികൂടുകയും അതുവഴി ഒളിവിലായിരുന്ന രമേഷിനെ ട്രാക്ക് ചെയ്യുകയുമായിരുന്നുവെന്നും പോലിസ് പറഞ്ഞു.അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങൾ ചെയ്തിരുന്നു.