ശബരിമല സ്ത്രീ പ്രവേശന വിധിയെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ നിന്നും ഒരു ആല്‍ബം. ഗായിക അടക്കം നാല് സ്ത്രീകള്‍ പാടിയും ആടിയും തകര്‍ക്കുന്ന ആല്‍ബം കേരളത്തില്‍ സൂപ്പര്‍ ഹിറ്റാവുകയാണ്. വിനവ് യൂടൂബ് ചാനലാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. പീപ്പിള്‍സ് ആര്‍ട് ആന്റ് ലിറ്റററി അസ്സോസിയേഷനാണ് വിനവിനായി ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ ഗാനത്തിലൂടെ ശക്തമായി വിമര്‍ശിക്കുകയാണ്.
ശബരിമലക്ക് സ്ത്രീകള്‍ വരുന്നത് വൃകത്തികേടായിട്ടാണോ കാണുന്നത് എന്ന ചോദ്യവുമായിട്ടാണ് ഗാനം ആരംഭിക്കുന്നത്. ദൈവത്തിന്റെ നാട്ടില്‍ സ്ത്രീകളെ തടയുന്നെന്നും ഗോഡ്‌സ് ഓണ്‍ കണ്ട്ട്രി ലേഡീസ് നോ എന്‍ട്രി എന്ന വരിയുമായി വിമര്‍ശനത്തിന് തുടക്കമിടുകയാണ് ഗാനം. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നതില്‍ ദൈവത്തിന് സംശയമില്ലെന്നും പുരുഷന്മാരായ അയ്യപ്പന്മാരില്‍ ഞങ്ങള്‍ക്കും സംശയമില്ലെന്നും എന്നാല്‍ ആര്‍എസ്എസ് ആണ് നടുവില്‍ നിന്ന് കളിക്കുന്നതെന്നും അത്രക്ക് സംശയമുണ്ടെങ്കില്‍ നിങ്ങളാണ് വീട്ടിലിരിക്കേണ്ടതെന്നും ഗാനം പറയുന്നു.
തമിഴ്‌നാട്ടില്‍ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ശ്രമിക്കുന്ന കോവന്‍ ഉള്‍പ്പെടുന്ന സംഘമാണ് ഗാനത്തിന്റെ അണിയറയില്‍. പൊതു പ്രശ്‌നങ്ങളെ ഇമ്പമുള്ള ഗാനങ്ങളിലൂടെ ജനങ്ങളിലെത്താക്കാന്‍ ശ്രമിക്കുന്ന സംഘമാണിവര്‍. ജയലളിതയെ പാട്ടിലൂടെ വിമര്‍ശിച്ചെന്ന കാരണത്താല്‍ കോവനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്ത ആയിരുന്നു.