തമിഴ് സർക്കാർ ന്യൂനപക്ഷമായി !.എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി

ചെന്നൈ: ശശികല പക്ഷം ഇപ്പോഴും അതിശക്തമെന്ന് തമിഴ്നാട് രാഷ്ട്രീയ പ്രതിസന്ധി എടുത്തുകാട്ടുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട്  എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വം വിഭാഗവും ഒന്നായതിനു തൊട്ടുപുറകെ കരുക്കള്‍ നീക്കി ശശികല പക്ഷം ശക്തമായ നീക്കം നടത്തി. ടി.ടി.വി.ദിനകരനൊപ്പമുള്ള 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസവോട്ട് തേടുമ്പോള്‍ കരുത്ത് തെളിയിക്കാനുള്ള ശ്രമമായിരിക്കും ഇനി ദിനകരന്‍ നടത്തുക. ഇതിന്റെ ആദ്യപടിയായി, തന്നെ അനുകൂലിക്കുന്ന 3 സ്വതന്ത്രര്‍ അടക്കം 19 എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്കു മാറ്റി. ദിനകരന്റെ വിശ്വസ്തരായ മൂന്നു എംഎല്‍എമാര്‍ ചെന്നൈയില്‍ തന്നെ തുടരുകയുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലവിധ കേസുകളുടെ നൂലാമാലകളില്‍ പെട്ടുഴലുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ക്ക് ശശികല പക്ഷം മുതിരില്ലെന്ന അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിന്റ വിശ്വാസമാണ് ഇതോടെ തകര്‍ന്നത്. ഇതിനു പിന്നാലെ തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ എഐഡിഎംകെ അംഗത്വം രാജിവച്ചതായി എംഎല്‍എമാര്‍ പറയുന്നില്ല. എന്നാല്‍ എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. പളനിസാമി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുന്‍പത്തെപ്പോലെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് കത്തിലുള്ളത്.

234 സീറ്റാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുട മരണശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. 233 സീറ്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 എണ്ണം. അണ്ണാഡിഎംകെ പക്ഷത്ത് നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 135 പേരുണ്ട്. ദിനകരപക്ഷത്ത് 18 പേര്‍ ഉണ്ടെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ 19 പേരുമായി ഗവര്‍ണര്‍ക്കു മുന്നിലെത്തിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. മുഖ്യമന്ത്രിക്കെതിരെ ഈ സാഹചര്യത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴും. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Top