ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിശാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.
വീണുകിടക്കുന്ന വിശാലിന്റെ സമീപത്ത് എത്തുമ്പോഴും ട്രക്ക് നിര്‍ത്താന്‍ സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു പാഞ്ഞു. എന്നാല്‍, പെട്ടെന്ന് അടുത്തുണ്ടായിരുന്ന ഒരാള്‍ വിശാലിനെ വലിച്ചുമാറ്റി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. “ഏതാനും സെക്കന്റുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തില്‍ തനിക്ക് ജീവന്‍ നഷ്ടമായേനേ, ദൈവത്തിന് നന്ദി” വീഡിയോ പങ്കുവച്ച് വിശാല്‍ കുറിച്ചു.