
വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്നാട് നിയമസഭയില്‍ ബഹളം. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും ഒ.പനീര്‍സെല്‍വവും രംഗത്തെത്തിയതാണ് സഭയെ ബഹളമയമാക്കിയത്. വോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കില്‍ രഹസ്യവോട്ടെടുപ്പിന് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിപക്ഷത്തിന്റെയും പനീര്‍സെല്‍വം വിഭാഗത്തിന്റെയും പ്രതിഷേധം.
പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവരും പനീര്‍സെല്‍വം വിഭാഗവും രഹസ്യവോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ആവശ്യങ്ങളും സ്പീക്കര്‍ തള്ളിക്കളഞ്ഞു. സഭാനടപടികളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ പി.ധനപാല്‍ നിലപാടെടുത്തു.
ബഹളം ശക്തമായതോടെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍, പനീര്‍സെല്‍വത്തിന് അനുമതി നല്കി. എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ചെന്ന് ജനങ്ങളുമായി സംസാരിക്കണമെന്നും അതിനുശേഷം മാത്രമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടു. ജനങ്ങളുടെ നിലപാട് മനസിലാക്കാന്‍ എംഎല്‍എമാര്‍ക്ക് അവസരം നല്‍കണം. അതിനുശേഷമേ വോട്ടെടുപ്പു നടത്താവൂ എന്നും പനീര്‍സെല്‍വം നിര്‍ദേശിച്ചു.