രാമേശ്വരം: ശ്രീലങ്കന്‍ നാവിക സേനയുടെ വെടിയേറ്റ് രാമേശ്വരത്ത് മത്സ്യത്തൊഴിലാളി മരിച്ചതില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. നാഗപട്ടണം സ്വദേശി ബ്രിറ്റ്സോയാണ് വെടിയേറ്റു മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു. രാമേശ്വരത്ത് മൊബൈല്‍ ടവറിനു മുകളില്‍ കയറി രണ്ടു പേര്‍ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ താഴെയിറക്കാന്‍ പോലീസും അഗ്നിശമനസേനയും ശ്രമം തുടരുകയാണ്.
തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്റ് പി. സെസുരാജ പറഞ്ഞു.
അതേസമയം, ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നാവികസേന രംഗത്തെത്തി. ഇന്ത്യന്‍ ബോട്ടിനു നേരെ വെടിവച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബ്രഡ്ജോയ്ക്കു വെടിയേറ്റത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.