
ചെന്നൈ: രാഷ്ട്രീയ വടവലി നടക്കുന്ന തമിഴ്നാട്ടില്‍ ശശികല കെട്ടിപ്പെടുത്ത സ്വപ്നക്കൊട്ടാരം തകരുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. പനീര്‍ശെല്‍വത്തിന് പിന്തുണയേറുകയും ചിന്നമ്മോടൊപ്പമുണ്ടായിരുന്ന പലരും കൂറുമാറുകയും ചെയ്യുന്നത് ശശികലയെക്കൊണ്ട് പുതിയ അടവുകള്‍ പുറത്തെടുക്കാന്‍ നിര്‍ബന്ധിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പനീര്‍ശെല്‍വത്തിന് ബിജെപിയുടെ പിന്തുണയും ലഭിച്ചിരിക്കുന്നെന്ന വാര്‍ത്ത ശശികല ക്യാമ്പില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.
പനീര്‍ശെല്‍വം പക്ഷത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂടുമാറുന്നതു കണ്ട് പതിനെട്ടാം അടവ് പയറ്റാനുള്ള ശ്രമം ശശികല തുടങ്ങി. തത്കാലം മാറി നിന്ന് മുഖ്യമന്ത്രി സ്ഥാനത്ത് വിശ്വസ്തനെ വച്ചുള്ള കളിക്കാണ് നീക്കം. കൂടെ നില്ക്കുന്നവര് കാലുറാമുന്നതിന് തടയിടാന്‍ കെ.എ. സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസ്വാമിയെയോ മുഖ്യമന്ത്രി സ്ഥാനത്ത് ചിന്നമ്മ ഉയര്‍ത്തിക്കാട്ടിയേക്കും. മാത്രമല്ല രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം അവര്‍ ഉപവാസമിരിക്കാന്‍ പദ്ധതിയിടുന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്കുന്നു അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവന് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.
രണ്ടുവീതം മന്ത്രിമാരും എം.പിമാരും പനീര്‍ശെല്‍വത്തിന് ഇന്നലെ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശശികല ക്യാമ്പ് പുതിയ തിരക്കഥ തയ്യാറാക്കിയത്.
വിദ്യാഭ്യാസ മന്ത്രി കെ. പാണ്ഡ്യരാജന്, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരാണ് ഇന്നലെ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. നാമക്കല്‍ എം.പി പി.ആര്. സുന്ദരം, കൃഷ്ണഗിരി എം.പി കെ. അശോക് കുമാര്‍ എന്നിവരും ശശികലയെ വിട്ട് ഒ.പി.എസ് ക്യാമ്പിലെത്തി. ശശികലയുടെ വിശ്വസ്തനും പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ സി. പൊന്നയ്യനും മറുകണ്ടം ചാടി. തങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണെന്നും 135 എം.എല്‍.എമാരും ഇങ്ങോട്ടുവരുമെന്നും പാണ്ഡ്യരാജന് പ്രഖ്യാപിച്ചു.
കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ട് കൂവത്തൂരിലെ റിസോര്‍ട്ടില്‍ ഒളിവിലുള്ള 128 എം.എല്‍.എമാരെ കാണാന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് ശശികല നേരിട്ടെത്തി. ഇവിടെ നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗം രണ്ടു മണിക്കൂറിലധികം നീണ്ടു. നിയമസഭാകക്ഷി നേതാവായ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതില്‍ ചില എം.എല്‍.എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി പ്രസീഡിയം ചെയര്മാന് കെ.എ. സെങ്കോട്ടയ്യനെയോ ഹൈവേ-തുറമുഖം വകുപ്പ് മന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയോ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ ആലോചിച്ചത്.
ഇപ്പോള്‍ താളംചവിട്ടുന്ന ഗവര്‍ണര്‍ക്ക് ഈ തീരുമാനത്തോട് എതിര്‍പ്പുന്നയിക്കാന്‍ സാധിക്കില്ലെന്നതാണ് നേട്ടം. ഇരുവരും അടുപ്പമുള്ളവരായതിനാല്‍ ചിന്നമ്മയ്ക്ക് സുഖമായി ഭരണം നിയന്ത്രിക്കുകയുമാവാം. എന്നാല്‍,? പകരക്കാരനെ ആലോചിച്ചിട്ടില്ലെന്നും ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ അവസാന ശ്വാസംവരെ പോരാടുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് സെങ്കോട്ടയ്യന് പ്രതികരിച്ചത്.
മഹാബലിപുരത്തെയും കൂവത്തൂരിലെയും രണ്ടു റിസോര്‍ട്ടുകളിലായാണ് എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്നത്. ശശികലയ്ക്ക് വേണ്ടിയാണ് ഇവരെ കൂവത്തൂരിലേക്ക് മാറ്റിയത്. ക്ഷമയ്ക്ക് അതിരുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ട ശേഷമാണ് എം.എല്‍.എമാരെ കാണാന്‍ ശശികല ചെന്നൈയില്‍ നിന്ന് തിരിച്ചത്. ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തേടിയിരുന്നെങ്കിലും രാജ്ഭവന് അനുമതി നിഷേധിച്ചു. രാജ്ഭവനും അവിടേക്കുള്ള വഴികളും കനത്ത പൊലീസ് കാവലിലാണ്.