
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പനീര്‍ശെല്‍വം പക്ഷത്തേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് ശശികലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ഇല്ലാതായ അവസ്ഥയില്‍ തമിഴ് ഭരണം ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ കൈകളിലാണ്. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍മുതല്‍ വാര്‍ഡ് അംഗംവരെ ജനാധിപത്യ നേതൃസംവിധാനത്തിലെല്ലാം താല്‍ക്കാലികക്കാരാണ് ഇപ്പോഴുള്ളത്. ഫലത്തില്‍ സംസ്ഥാനഭരണം പൂര്‍ണമായും ഉദ്യോഗസ്ഥ നിയന്ത്രണത്തില്‍. ഗവര്‍ണറായിരുന്ന കെ.റോസയ്യ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണു സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന്, മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന സി.വിദ്യാസാഗര്‍ റാവുവിനു തമിഴ്‌നാടിന്റെ അധികച്ചുമതല നല്‍കി. സ്ഥിരം ഗവര്‍ണര്‍ ഇപ്പോഴുമില്ല. മുന്‍ മുഖ്യമന്ത്രി ജയലളിത ചികില്‍സയില്‍ കഴിഞ്ഞ 75 ദിവസവും ഭരണനിര്‍വഹണം ഉദ്യോഗസ്ഥരുടെ കൈകളിലായിരുന്നു. പനീര്‍സെല്‍വം മുഖ്യമന്ത്രിയായതോടെ വീണ്ടും നേതൃത്വമായി. വര്‍ധ ചുഴലിക്കാറ്റ്, ജെല്ലിക്കെട്ട് സമരം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിച്ചു.
അനധികൃത സ്വത്തു കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍.സുധാകരന്‍, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലില്‍ കഴിഞ്ഞ ജൂണ്‍ ഏഴിനു സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായതാണ്. കേസില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിധി വരാനുള്ള സാധ്യത സൂചിപ്പിക്കപ്പെടുന്നുണ്ട്. ജയലളിത അന്തരിച്ചുവെന്നതു കേസിലെ മറ്റു പ്രതികളെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഹൈക്കോടതി വിധി ശരിവയ്ക്കുക, വിധി റദ്ദാക്കുക, തെളിവുകള്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുക ഇങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്നു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസ്സിന്റെ വിധിവരുന്നത് വരെ സത്യപ്രതിജ്ഞ നീട്ടിവയ്ക്കുന്നതിനാണ് ഗവര്‍ണ്ണര്‍ തീരുമാനച്ചിരിക്കുന്നതെന്ന് കരുതാം.