എടപ്പാടി പളനിസ്വാമിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കര്‍ഷകര്‍ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്കുശേഷം ജന്തര്‍മന്ദറില്‍ 40 ദിവസമായി നടത്തിവന്ന സമരം കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. മെയ് 25 വരെയാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ 25 മുതല്‍ വീണ്ടും സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതായും പരിഹാരം കാണാമെന്ന് മോദി ഉറപ്പുനല്‍കിയതായും എടപ്പാടി പളനിസ്വാമി കര്‍ഷകരെ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

ജന്തര്‍മന്ദറില്‍ കഴിഞ്ഞ മാര്‍ച്ച് 14ന് ആരംഭിച്ച കര്‍ഷകരുടെ സമരരീതിയിലെ വ്യത്യസ്തത കൊണ്ട് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കഴുത്തില്‍ മാലയായി അണിഞ്ഞും താടിയും മീശയും പാതിവടിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നഗ്നരായും പ്രതിഷേധം രേഖപ്പെടുത്തിയ കര്‍ഷകര്‍ കഴിഞ്ഞ ദിവസം മൂത്രം കുടിച്ചും സമരം നടത്തിയിരുന്നു. കൊടും വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ചതുമൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന സമരം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top