ചെന്നൈ: പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ നിരോധനം.തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തത്.
കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം പോലും ഇല്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടയിലും ഈ കമ്പനികള്‍ ജലമൂറ്റ് തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ തീരുമാനം. മാര്‍ച്ച് ഒന്നുമുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കരുതെന്നു നേരത്തെ തന്നെ സംഘടനകള്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശമാണ് നടപ്പിലാകുന്നത്.
കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുകയാണ്. ഇതിനിടയിലും ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉല്‍പാദിപ്പിച്ച് ചൂഷണം നടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഉല്‍പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇതു വില്‍ക്കുന്നത് കുറ്റകരമാണെന്നും സംഘടന വ്യക്തമാക്കി. മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘത്തിന്റെ പിന്തുണയും ഇതിനുണ്ട്. പ്രസിഡന്റ് ടി. അനന്തന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, മുന്നറിയിപ്പ് ലംഘിച്ച് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടയുമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംഘടനകള്‍ അറിയിച്ചു.
ഈ ശീതളപാനീയങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ ഇവയുടെ വില്‍പന തടയേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിരന്തരപ്രക്ഷോഭം നടത്തിയെങ്കിലും സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി. വെള്ളയ്യന്‍ ആരോപിച്ചു.