ഏറ്റുമാനൂര്‍: വാക്കത്തിയുമായി സംഹാരതാണ്ഡവം നടത്തിയ തമിഴ്‌നാട് സ്വദേശിയുടെ വെട്ടേറ്റ് വയോധിക മരിച്ചു, ഭര്‍ത്താവ് ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്ക്. അക്രമിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കടപ്പൂര്‍ മൂത്തേടത്ത് ത്രേസ്യാമ്മ (82)യാണ് വെട്ടേറ്റു മരിച്ചത്. ത്രേസ്യാമ്മയുടെ ഭര്‍ത്താവ് ജേക്കബ് (പാപ്പന്‍-86), കട്ടച്ചിറ പുളിയംപള്ളിയില്‍ രാജു(18), ബന്ധു കത്രീന(75), കട്ടച്ചിറ കൂമ്പിക്കല്‍ ബിജോയുടെ ഭാര്യ കുഞ്ഞുമോള്‍(33), വെട്ടിമുകള്‍ കളപ്പുരയ്‌ക്കല്‍ സിബിയുടെ ഭാര്യ കുഞ്ഞുമോള്‍(45), മാഞ്ഞൂര്‍ കൊല്ലാട്ട്‌പറമ്പില്‍ ശാന്ത(68) എന്നിവര്‍ക്കാണു പരുക്കേറ്റത്. ജേക്കബ് കോട്ടയത്തു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജേക്കബിന്റെ നില ഗുരുതരമാണ്. അക്രമി തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശി മുരുകേശ (35)നാണു പിടിയിലായത്.
ഒരു കാരണവുമില്ലാതെ നരാധമന്റെ വാക്കത്തിക്ക് ഇരയാകേണ്ടി വന്ന കടപ്പൂര്മൂത്തേടത്ത് ജേക്കബിന്റെ ശസ്ത്രക്രിയ കോട്ടയം ഭാരത് ആശുപത്രിയില്‍ നടക്കുമ്പോള്‍ നിറമിഴികളോടെ പ്രാര്‍ത്ഥനയിലായിരുന്നു ബന്ധുക്കള്‍. മണിക്കൂറുകള്‍ക്ക് ശേഷം ശസ്ത്രക്രിയ അവസാനിക്കുമ്പോഴും പ്രിയതമ മരണത്തെ പുല്‍കിയ വിവരം ജേക്കബ് അറിഞ്ഞില്ല.
ഇന്നലെ വൈകിട്ട് 6.30 ഓടെ കടപ്പൂര്‍ പ്രദേശത്ത് വാക്കത്തിയും കൈയിലേന്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുരുകേശന്‍ വെട്ടിവീഴ്ത്തിയ ജേക്കബിന് സംഭവം നടന്നപ്പോഴേ ബോധം നഷ്ടമായിരുന്നു. വയറിന് ആഴത്തില്‍ മുറിവേറ്റ ജേക്കബിന്റെ ആന്തരികാവയവങ്ങളെല്ലാം തന്നെ പുറത്തേക്ക് ചിതറിയിരുന്നു. ചോരയില്‍ കുളിച്ച ജേക്കബിനെ നാട്ടുകാര്‍ കോട്ടയത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. 8.30 ഓടെ തുടങ്ങിയ ശസ്ത്രക്രിയ ആറോളം മണിക്കൂറുകള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
വൈകിട്ട് വീട്ടില്‍ ഭാര്യ ത്രേസ്യാമ്മയ്ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്ന അലറിക്കൊണ്ട് മുരുകേശന്‍ ചോരയില്‍ മുങ്ങിയ വാക്കത്തിയുമായി പാഞ്ഞടുത്തത്. പേടിച്ച് ഇരുവരും നിലവിളിച്ചതോടെ ത്രേസ്യാമ്മയുടെ കഴുത്തില്‍ മൂര്‍ച്ഛയേറിയ വാക്കത്തി പതിച്ചിരുന്നു. കഴുത്തില്‍ നിന്ന് ചിറ്റിയ രക്തത്തുള്ളികള്‍ മുരുകേശന്റെ മുഖത്തെക്ക് തെറിച്ചു. തടയുന്നതിനിടെ യാതൊരു ഭാവഭേദവുമില്ലാതെ മുരുകേശന്‍ ജേക്കബിന്റെ വയറിലേക്ക് വാക്കത്തി ആഞ്ഞു വീശുകയായിരുന്നു. പിടഞ്ഞ വീണ പ്രിയതമയെ ഒന്നു താങ്ങിയെടുക്കാന്‍ പോലും കഴിയാതെ ജേക്കബ് പിടിഞ്ഞു വീണിരുന്നു. ആന്തരികാവയങ്ങള്‍ പുറത്തേക്ക് തെറിച്ച ജേക്കബിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ജേക്കബിന്റെ ശസ്ത്രക്രിയ അവസാനിക്കുമ്പോള്‍ സമയം 12നോട് അടുത്തിരുന്നു.ത്രേസ്യാമ്മയുടെ സംസ്‌കാരം പിന്നീട്. മക്കള്‍: മാത്യു, ജയിംസ് (ബംഗളുരു) ബിജു (ബംഗളുരു). മരുമക്കള്‍: ഷൈനി, റീനി, ജോസ്‌നി. ഏറ്റുമാനൂരിനു സമീപമുള്ള കട്ടച്ചിറ, കടപ്പൂര്‍ പ്രദേശങ്ങളില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൂര്‍ച്ചയേറിയ വാക്കത്തിയുമായി പാഞ്ഞെത്തിയ മുരുകേശന്‍ ആദ്യം ശാന്തയെ വീട്ടില്‍ കയറി വെട്ടി. ശാന്തയുടെ നിലവിളി കേട്ട് ഓടിയെത്തിയവരെയും ആക്രമിച്ചു. കൂടുതലാളുകള്‍ ഓടിക്കൂടിയപ്പോള്‍ മുരുകേശന്‍ കുറച്ചകലെ പിണ്ടിപുഴയിലുള്ള ജേക്കബിന്റെ വീട്ടില്‍ കയറി. ആയുധവുമായി പാഞ്ഞെത്തുന്നയാളെ കണ്ട് ജേക്കബും ഭാര്യ ത്രേസ്യാമ്മയും ബഹളം വച്ചതോടെ ഇവരെയും വെട്ടിവീഴ്‌ത്തി. തലയ്‌ക്കു വെട്ടേറ്റ ത്രേസ്യാമ്മ തല്‍ക്ഷണം മരിച്ചു.