
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന തമിഴ്നാട്ടിലെ കോലാഹലങ്ങള്‍ക്ക് അവസാനമാകുമെന്ന് പ്രതീക്ഷ. ഭരണക്ഷിയിലെ അംഗങ്ങള്‍ രണ്ടായി പിരിഞ്ഞതോട് കൂടി തമിഴ്നാട്ടില്‍ ഇല്ലാതിരുന്ന ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു സ്ഥലത്തെത്തി. പനീര്‍ശെല്‍വത്തെയാണ് ഗവര്‍ണ്ണര്‍ ആദ്യം കണ്ടത്.
കൂടിക്കാഴ്ച്ചയില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് പനീര്‍ശെല്‍വം ഗവര്‍ണറെ അറിയിച്ചു. രാജി വയ്ക്കേണ്ട സാഹചര്യം വിശദീകരിച്ച പനീര്‍ശെല്‍വം, രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ശശികലയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തനിക്ക് രാജി വയ്ക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ ഇന്ന് തന്റെ ക്യാന്പിലെത്തിയ, പാര്‍ട്ടി പ്രിസീഡിയം ചെയര്മാന് ഇ.മധുസൂധനന് അടക്കം പത്തുപേരും പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍ശെല്‍വം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ടത്. നല്ലത് നടക്കുമെന്നും സത്യം ജയിക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി ഗവര്‍ണറെ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല വൈകിട്ട് 7.30ന് ഗവര്‍ണറെ കാണും. കൂടിക്കാഴ്ചയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ശശികല ഉന്നയിക്കുമെന്നാണ് സൂചന.