മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം നൊന്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനി അനിത ആണ് മരിച്ചത്.
നീറ്റ് തമിഴ്‌നാടിന് ബാധകമാക്കരുത് എന്ന് ആവശ്യപ്പെട്ട് അനിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നീറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്തവണ മെഡിക്കല്‍ പ്രവേശനം നടത്തിയത്. പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനി ആയിരുന്നു അനിത. 1200 ല്‍ 1176 മാര്‍ക്ക് സ്വന്തമാക്കിയായിരുന്നു അനിതയുടെ ഉജ്ജ്വല വിജയം. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 700 ല്‍ 86 മാര്‍ക്ക് മാത്രം ആയിരുന്നു. ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖനാണ് അനിതയുടെ പിതാവ്. ഇവരുടെ ഏക മകളായിരുന്നു അനിത. നീറ്റ് നടപ്പിലാക്കിയാല്‍ ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് വാങ്ങിയ തങ്ങളെ പോലുള്ള വിദ്യാര്‍ത്ഥികളെ ബാധിക്കും എന്ന് പറഞ്ഞായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്‍ജിനീയറിങ്ങിന് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളിയില്‍ അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ കടുത്ത നിരാശയില്‍ ആയിരുന്നു അനിത എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നീറ്റിന്റെ അടിസ്ഥാനത്തത്തില്‍ തന്നെ മെഡിക്കല്‍ പ്രവേശനം നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.