കൊച്ചി: കീടനാശിനി നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ വാതക ടാങ്കര്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ വൈ. മുഹമ്മദ് സഫിറുള്ള അറിയിച്ചു.
കൊച്ചി ഏലൂരിലെ നിര്‍മ്മാണ പ്ലാന്റിലേക്ക് ഇസ്രയേലില്‍ നിന്ന് കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫേറ്റ് വാതകമടങ്ങിയ ടാങ്കറാണ് രാവിലെ 10 മണിയോടെ പൊട്ടിത്തെറിച്ചത്. വാതകം ടാങ്കറില്‍ നിന്ന് പ്ലാന്റിലെ സംഭരണസ്ഥലത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. 12 ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടപ്പള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്ലാന്റ് മാനേജര്‍ ഗണപതിയുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ടാങ്കറില്‍ നിന്ന് വാതകം മാറ്റുന്നതിനിടെ ഉണ്ടായ മര്‍ദ്ദ വ്യതിയാനമാണ് അപകട കാരണമെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം ചീറ്റി ടാങ്കര്‍ തണുപ്പിക്കുകയാണ്. ടാങ്കറില്‍ ചെറിയ ചോര്‍ച്ച ഉള്ളതിനാല്‍ നേരിയ അപകട സാധ്യത തുടരുന്നു
ജില്ലാ കളക്ടറും എച്ച്.ഐ.എല്ലിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.