എയർ ഇന്ത്യ ഇനി ടാറ്റ സൺസിന്; വിൽപന 18,000 കോടി രൂപയ്ക്ക്. കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ന്യൂഡൽഹി: എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും. നേരത്തെ ടാറ്റ എയർലൈൻസാണ് എയർ ഇന്ത്യയാക്കിയത്. എന്നാൽ 67 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്. ​ലേലത്തിൽ പങ്കെടുത്ത സ്പൈസ് ​ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ് കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ കമ്പനികളുടെ 100 ശതമാനം ഓഹരിയും ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ സ്വന്തമാക്കുന്നത്.2021ഓഗസ്റ്റ് 31 വരെയുള്ള എയർ ഇന്ത്യയുടെ കടം 61,562 കോടി രൂപയാണ്. ഇതിൽ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18,000 കോടിയിൽ 15 ശതമാനമാണ്​ സർക്കാറിന്​ ലഭിക്കുക. ബാക്കിയുള്ള തുക കമ്പനിയുടെ കടം വീട്ടാനായിട്ടായിരിക്കും ഉപയോഗിക്കുക. ടാറ്റ സൺസിന്​ എയർ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡി​പ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തും സ്ഥിരീകരിച്ചു. സർക്കാറിന്‍റെ എല്ലാ വ്യവസ്ഥകളും ലേലത്തിൽ പ​ങ്കെടുത്ത കമ്പനി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലേല നടപടികൾ പൂർണമായും സുതാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1932ൽ ടാറ്റ സൺസ് ആരംഭിച്ച വിമാനക്കമ്പനിയാണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്രസർക്കാർ ഏറ്റെടുത്തത്. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. എയർ ഏഷ്യ ഇന്ത്യാ, വിസ്താര എന്നീ വിമാന സർവ്വീസുകൾ മറ്റ് കമ്പനികളുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നടത്തുന്നുണ്ട്.

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുൻപ് തന്നെ വാർത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം തന്നെ കൈമാറ്റ നടപടി പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം

Top