ചെറുപ്പത്തില്‍ ശരീരത്തില്‍ പതിച്ച ടാറ്റു പണി പറ്റിച്ചു; പൊലീസ് വൃദ്ധനെ തൂക്കിയെടുത്ത് അകത്തിട്ടു  

ടോക്കിയോ :ശരീരത്തില്‍ പണ്ട് പതിച്ച ടാറ്റു ഒടുവില്‍  വൃദ്ധന് തന്നെ വിനയായി. ഏറെ നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയാണ് അവസാന കാലത്ത് ജപ്പാന്‍ പൊലീസിന്റെ പിടിയിലായത്. ജപ്പാനില്‍ ഒരു കാലത്ത് പ്രബലമായിരുന്ന യാക്കുസ എന്ന ഗുണ്ടാ വിഭാഗത്തിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പിന്റെ നേതാവായിരുന്ന ശിഗേരോ ശിറായിക്കാണ് തന്റെ ശരീരത്തില്‍ പതിച്ച ടാറ്റു തന്നെ ഒടുവില്‍ പാരയായത്. യാക്കുസ വിഭാഗത്തില്‍ നേതൃ സ്ഥാനം വഹിക്കുന്നവര്‍ ആചാരത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ശരീരത്തിലാകമാനം ടാറ്റു പതിക്കാറുള്ളത് പതിവാണ്. എതിര്‍ സംഘത്തിലെ ഒരു വ്യക്തിയെ കൊലപ്പെടുത്തിയ കേസില്‍ 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ഒളിവില്‍ പോയത്. പിന്നീട് തായ്‌ലന്റിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഒളിവ് ജീവിതം നയിച്ച് വന്നിരുന്നത്. അടുത്തിടെയാണ് ശിഗേരോവിന്റെ ഒളിവില്‍ താമസിക്കുന്ന വീടിന് അടുത്തുള്ള ഒരു പയ്യന്‍ ഇദ്ദേഹത്തിന്റെ ടാറ്റു പതിച്ച ശരീരം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. കാട്ടുതീ പോലെയാണ് ശിഗേരോവിന്റെ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഒടുവില്‍ ഇത് ജപ്പാന്‍ പൊലീസിന്റെ കയ്യിലുമെത്തി. ടാറ്റുവിലെ ചില പ്രത്യേക ചിഹ്നങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇത് ഒരു യാക്കുസ നേതാവിന്റെതാണെന്ന് പൊലീസുകാര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ ചിത്രത്തിലുള്ളത് ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ താന്‍ യാക്കുസ നേതാവായിരുന്നുവെന്ന് സമ്മതിച്ച വൃദ്ധന്‍ പക്ഷെ ഇതുവരെ കൊലക്കുറ്റം സമ്മതിച്ചിട്ടില്ല. മറ്റ് ഏതെങ്കിലും ഗ്രൂപ്പുകളായിരിക്കും കൊല നടത്തിയതെന്നും നിരപരാധിയായ താന്‍ പിടിക്കപ്പെടാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നുമാണ് ശിഗേരോ പൊലീസിന് നല്‍കിയ മൊഴി.

Top