സ്വര്‍ണ വജ്ര വ്യാപാരികളായ ആ 18 പേരുടെ നികുതി കുടിശിക 1150 കോടി രൂപ; നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്്‌സ്

മുംബൈ: ആ നാണക്കേടിന്റെ പട്ടികയുമായി ഇന്‍കംടാക്‌സ് വകുപ്പ് വീണ്ടും രംഗത്ത്. നികുതി കുടിശിക വരുത്തുന്ന വ്യവസായ പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍ ഏറ്റവും പുതുതായി ഇന്‍കംടാക്‌സ് വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ വന്‍കിട സ്വര്‍ണ വജ്ര വ്യാപാരികളുടെ നികുതി കുടിശികയുടെ പട്ടികയാണ് ഇപ്പോള്‍ ഇന്‍കംടാക്‌സ് വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്തെ വന്‍കിട വ്യവസായികളായ 18 പേര്‍ സര്‍ക്കാരിലേയ്ക്കു അടയ്ക്കാനുള്ളത് 1150 കോടി രൂപയുടെ നികുതിപ്പണമാണ്. ഇത്തരത്തില്‍ ഇവരുടെ പേരുകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതോടെ നികുതി വെട്ടിക്കുന്ന ഇവര്‍ തുക തിരികെ അടയ്ക്കാന്‍ തയ്യാറാകുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷവും തുക അടയ്ക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ ജപ്തി അടക്കമുള്ള നടപടികളിലേയ്ക്കു കടക്കാനും സര്‍ക്കാര്‍ തയ്യാറാകും.
ഇത്തരത്തില്‍ നികുതി വെട്ടിക്കുകയോ, അനധികൃതമായി സ്വത്ത് സ്വരൂപിക്കുകയോ ചെയ്യുന്നവരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ നികുതി അടയ്ക്കാത്ത 49 പേരുടെ പട്ടിക സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതില്‍ രണ്ടായിരം കോടി രൂപയാണ് നികുതി ഇനത്തില്‍ അടയ്ക്കാനുള്ളതെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധിപ്പേര്‍ നികുതി അടയ്ക്കാന്‍ രംഗത്ത് എത്തി. ഇതാണ് പുതിയ രീതിയില്‍ നികുതി അടയ്ക്കാനുള്ളവരുടെ പട്ടിക പുറത്തു വിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഇന്‍കംടാക്‌സ് വകുപ്പ് തയ്യാറാക്കിയ വ്യവസായികളുടെ പട്ടിക അന്തിമ അംഗീകാരത്തിനായി ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിയ്ക്കു അയച്ചു നല്‍കിയിരിക്കുകയാണ്. ധനമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ മാധ്യമങ്ങള്‍ക്കു ഈ പട്ടിക പ്രസിദ്ധീകരിക്കാന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കുന്ന പട്ടികയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചവരുടെ പേരും വിലാസവും പാന്‍കാര്‍ഡ് നമ്പരും വ്യവസായത്തിന്റെ വിശദാംശങ്ങളും എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടാകും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ലീഗല്‍ ഹെയേഴ്‌സിന്റെ ഉദയ് എം ആചാര്യയാണ് ഇത്തവണ പുറത്തു വിട്ട നികുതി കുടിശികയുള്ളവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 779.04 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള നികുതി കുടിശിക. നെക്‌സോഫ്റ്റ് ഇന്‍ഫോലിമിറ്റഡന്റെ പേരില്‍ 68.21 കോടിയും, ലിവര്‍പൂള്‍ റൂട്ടെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ പേരില്‍ 32.16 കോടിയും, ജഗ്ഗുഭായി ജ്വല്ലറിയുടെ പേരില്‍ 32.13 കോടി രൂപയും കുടിശിക ഇനത്തിലുണ്ട്. പ്രഭുല്‍ എം അഖാനി ഗ്രൂപ്പിന്റെ 29.11 കോടിയും, സൂററ്റിലെ ശക്തി എക്‌സ്‌പോര്‍ട്ടിന്റെ പേരില്‍ 26.76 കോടിയും, ഹേമദ് സി. ഷായുടെ പേരില്‍ 22.51 കോടിയും, മുഹമ്മദ് യൂസഫ് എന്ന യൂസഫ് മോട്ടോര്‍വാലയുടെ പേരില്‍ 22.34 കോടിയും, ധര്‍മ്മേദ്ര ഓവര്‍സീസ് ലിമിറ്റഡിന്റെ പേരില്‍ 19.87 കോടിയും, ജഗ്ഹീത് എക്‌സ്‌പോര്‍ട്ട്‌സിന്റെ പേരില്‍ 18.47 കോടി രൂപയും കുടിശികയുണ്ടെന്നാണ് ഇന്‍കംടാക്‌സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

Top