![](https://dailyindianherald.com/wp-content/uploads/2017/01/2000-notes.jpg)
ന്യുഡല്‍ഹി :ബാങ്കുകളില്‍നിന്ന് 50,000 രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയാണു ഇതിന് ശുപാര്‍ശ നല്‍കിയത്. കമ്മിറ്റി ശുപാര്‍ശകള്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പണം കൈകാര്യം ചെയ്യുന്നതു കുറയ്ക്കുകയാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കുന്നതിനായി അത്തരം ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ കുറയ്ക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഇപ്പോള്‍ ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഇല്ലാതാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ഗവണ്മെന്റ് ഇടപാടുകള്‍ക്ക് എംഡിആര്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്നും സമിതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്കു മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതികള്‍ ചുമത്തരുതെന്നും നിര്‍ദേശിച്ചു. കൂടാതെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 1000 രൂപ സബ്സിഡി നല്‍കാനും ശുപാര്‍ശയുണ്ട്. ഗവണ്മെന്റുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടും ഡിജിറ്റലാക്കുന്നതിനും കമ്മിറ്റി ശുപാര്‍ശ ചെയ്തു.