കരുത്തുകൂടി ടൊയോട്ടയുടെ പുതിയ ടിടിഐ ഫോര്‍ച്യൂണര്‍ 

പത്തുദിവസം നീണ്ട 2018 ഗയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയ്ക്ക് ഇന്നലെ തിരശീല വീണു. ഇന്തോനേഷ്യന്‍ വാഹന ലോകത്ത് ഇത്തവണ തിളങ്ങിയ താരങ്ങളുടെ പട്ടികയെടുത്താല്‍ എര്‍ട്ടിഗ സ്‌പോര്‍ടും പുതുതലമുറ ബ്രിയോയും പുത്തന്‍ ജിമ്‌നിയുമെല്ലാം മുന്‍നിരയിലുണ്ട്. എന്നാല്‍ അവസാനദിനത്തേക്കായി പുതിയ ടിടിഐ ഫോര്‍ച്യൂണറിനെ ടൊയോട്ട മാറ്റിവെയ്ക്കുമെന്നു ആരും കരുതിയില്ല.
ടൊയോട്ട ഫോര്‍ച്യൂണറിന്റെ റാലി പതിപ്പാണ് ടിടിഐ ഫോര്‍ച്യൂണര്‍.

കമ്പനിയുടെ റേസിംഗ് വിഭാഗം ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റാണ് (TRD) ടിടിഐ ഫോര്‍ച്യൂണറിന് പിന്നില്‍.
2017 ഫെഡറല്‍ വെസല്‍ ഏഷ്യ ക്രോസ് കണ്‍ട്രി റാലിയില്‍ (FVACCR) ടൊയോട്ട ടീം ഇന്തോനേഷ്യയ്ക്ക് (TTI) വേണ്ടി പങ്കെടുത്ത ഫോര്‍ച്യൂണറാണ് പുതിയ പതിപ്പിന് ആധാരം. റാലി മത്സരങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ മാറ്റങ്ങള്‍ ടിടിഐ ഫോര്‍ച്യൂണറില്‍ കാണാം. ഗ്രില്ലിനും വീല്‍ ആര്‍ച്ചുകള്‍ക്കും ടയറുകള്‍ക്കും ബമ്പറുകള്‍ക്കുമെല്ലാം രൂപമാറ്റം സംഭവിച്ചു. ഉയര്‍ത്തിയ സസ്‌പെന്‍ഷനാണ് ടിടിഐ ഫോര്‍ച്യൂണറിന്റെ പ്രധാന വിശേഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ സ്‌കിഡ് പ്ലേറ്റുകളും ഓഫ്‌റോഡ് ബമ്പറും മോഡലിന്റെ പരുക്കന്‍ ഭാവം ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്തും.
ഉയര്‍ന്ന പ്രകാശശേഷിയുള്ള പ്രത്യേക എല്‍ഇഡി ലൈറ്റുകള്‍ എസ്‌യുവിക്ക് മുന്നില്‍ ഒരുങ്ങുന്നുണ്ട്. ചുവപ്പും വെളുപ്പും ഇടകലര്‍ന്ന നിറശൈലി കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തുന്നതില്‍ വിജയിക്കുന്നുണ്ടെന്ന് പ്രത്യേകം പറയണം. ടിടിഐ ഫോര്‍ച്യൂണറിനുള്ളില്‍ റോള്‍ കേജ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. TRD റേസിംഗ് സ്റ്റീയറിംഗ് വീല്‍, സ്പാര്‍ക്കോ റേസിംഗ് സീറ്റുകള്‍, രൂപമാറ്റം സംഭവിച്ച സെന്റര്‍ കണ്‍സോള്‍ എന്നിവയെല്ലാം അകത്തള വിശേഷങ്ങളില്‍പ്പെടും. മറ്റു റാലി കാറുകളുടേതിന് സമാനമായി അനലോഗ് മീറ്ററുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. ടിടിഐ ഫോര്‍ച്യൂണറിലുള്ള 2GD – FTV 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വലിയ ടര്‍ബ്ബോചാര്‍ജറും പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമാണ് അവകാശപ്പെടുന്നത്.

എഞ്ചിന് 310 bhp കരുത്തും 750 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മോഡലിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. സാധാരണ ഫോര്‍ച്യൂണര്‍ ഡീസല്‍ മോഡലുകളില്‍ ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഫോര്‍ച്യൂണറിന്റെ പിന്‍ വീല്‍ ഡ്രൈവ് മോഡലില്‍ മാത്രമെ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുകയുള്ളു. സാധാരണ ഫോര്‍ച്യൂണറില്‍ ഒരുങ്ങുന്ന നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 149 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും.

Top