അധ്യാപകര്‍ കുട്ടികളെ തല്ലുക എന്നത് പുതിയ കാര്യമല്ല. നമ്മുടെ സംസ്ഥാനത്ത് ഇത് നിയമം മൂലം നരോധിച്ചിട്ടുള്ളതുമാണ്. എന്നാലും കുട്ടികള്‍ തല്ലുമേടിക്കുന്നുമുണ്ട്. എന്നാല്‍ ഇവിടെ ഒരു ടീച്ചര്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. ചൈനയിലാണ് സംഭവം നടന്നത്. അവിടത്തെ ഒരു സ്‌കൂളില്‍ ടീച്ചര്‍ ക്ലാസിലെ കുട്ടിയെ തല്ലുന്ന വിഡിയോ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത വിഡിയോ വമ്പന്‍ ഹിറ്റാണിപ്പോള്‍.
ടീച്ചര്‍ ക്ലാസിലെ പെണ്‍കുട്ടിയെ ചീത്ത പറയുന്നു. കുട്ടി എന്തോ മോശം പ്രവൃത്തി ചെയ്തതിനാണ് ചീത്ത പറയുന്നത്. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകോപിതയായ ടീച്ചര്‍ അവളുടെ മുഖത്ത് തല്ലുന്നു. എന്നാല്‍ സകലരെയും ഞെട്ടിച്ചുകൊണ്ട് പെണ്‍കുട്ടി ടീച്ചറെ തിരിച്ചുതല്ലുന്നു. പിന്നീട് ടീച്ചറും കുട്ടിയും കൂടി നടക്കുന്നത് പൊരിഞ്ഞ തല്ലാണ്.
വിഡിയോയില്‍ ഇത് വ്യക്തമായി കാണാനാകും. സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. എല്ലാവരും അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്. കുട്ടിയുടെ മോശം പെരുമാറ്റമാണ് ഇത്തരമൊരു ഭീകര അവസ്ഥ സൃഷ്ടിച്ചതെന്നാണ് നെറ്റിസണ്‍സില്‍ നല്ലൊരു ശതമാനവും പറയുന്നതൈങ്കിലും ടീച്ചറുടെ പെരുമാറ്റം മോശമായെന്നും അഭിപ്രായമുണ്ട്.
എത്ര പ്രകോപിതയായാലും ഒരു ടീച്ചര്‍ നിയന്ത്രണയമില്ലാതെ ഇങ്ങനെ തല്ല് കൂടരുതായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ മറ്റ് കുട്ടികള്‍ക്ക് പ്രചോദനം നല്‍കുമെന്നും അധ്യാപികയെ തല്ലിയ വിദ്യാര്‍ഥിക്കെതിരെ ശക്തമായ നടപടി വേണമെന്നും വാദിക്കുന്നു ചിലര്‍. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ഒരു ടീച്ചര്‍ക്കും അധികാരമില്ലെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെ.