മുംബൈ :സ്കൂള്‍ വിദ്യാര്‍ഥിനിയെ സുഹൃത്തും നാലു പേരും ചേര്‍ന്ന് മാനഭംഗപ്പെടുത്തി വിഡിയോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുള്ള പെണ്‍കുട്ടിയുടെ നാലു സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനഭംഗപ്പെടുത്തുന്ന വിഡിയോ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയ്ക്ക് വാട്സ്ആപ്പ് വഴി ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാണിച്ചായിരുന്നു പെണ്‍കുട്ടിയെ ഇവര്‍ നിശബ്ദയാക്കിയത്.
എന്നാല്‍, ആണ്‍കുട്ടികള്‍ തന്നെ വാട്സ്‍ആപ്പ് വഴി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വൈകാതെ ഇത് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നു. അങ്ങനെയാണ് പെണ്‍കുട്ടിയുടെ ആന്റിയുടെ മൊബൈലില്‍ ദൃശ്യങ്ങള്‍ വന്നത്. സംഭവത്തില്‍ പിടിയിലായ നാലുപേരും പതിനെട്ട് വയസിന് താഴെയുള്ളവരാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: ഈ മാസം എട്ടിനാണ് പെണ്‍കുട്ടി പീഡനത്തിന് ഇരായാകുന്നത്. പഠനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന നാലുപേരും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ വിദേശത്തുമാണുള്ളത്. മുംബൈയില്‍ മുത്തശിക്കൊപ്പമാണ് പെണ്‍കുട്ടി ജീവിക്കുന്നത്. വിഡിയോ വാട്സ്ആപ്പില്‍ കണ്ട പെണ്‍കുട്ടിയുടെ ആന്റി കാര്യം അന്വേഷിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിടിയിലായ നാലു പേരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.