ടിവിക്കള്ളന്‍ കോയമ്പത്തൂരില്‍ പിടിയില്‍; നാട് കാണാനിറങ്ങി ടിവി പൊക്കുന്ന ശിവകുമാര്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍

തിരൂര്‍: വിവിധ സ്ഥലങ്ങള്‍ കറങ്ങി നടന്ന് ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് ഒടുവില്‍ അവിടുത്തെ ടിവിയുമായി മുങ്ങുന്ന ടിവിക്കള്ളന്‍ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്റോടെ കസ്റ്റഡിയിലെടുത്ത് തിരൂരില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് സ്വദേശിയായ ഇയാളെ മാസങ്ങള്‍ക്കു മുമ്പ് തിരൂര്‍ റെയില്‍വെ സേ്റ്റഷനു സമീപത്തുള്ള ടൂറിസ്റ്റ് ഹോമില്‍ നിന്നും ടി.വി. മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, ചേര്‍ത്തല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയില്‍ ടി.വി.കള്‍ മോഷണം പോയ കേസിലെ പ്രതിയും ഇയാളാണെന്ന് സംശയിക്കുന്നു.
തിരൂരിലെ ടൂറിസ്റ്റ് ഹോമിലുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ശിവകുമാറിനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. പാലക്കാട്ടുവെച്ച് തിരൂര്‍ പോലീസിന്റെ വലയില്‍ വീണെങ്കിലും തന്ത്രപരമായി ശിവകുമാര്‍ രക്ഷപ്പെട്ടു. പിന്നീട് കോയമ്പത്തൂരില്‍ പൊങ്ങിയ ശിവകുമാര്‍ കാട്ടൂര്‍ പോലീസ് സേ്റ്റഷന്‍ പരിധിയിലെ ആര്‍.കെ. സിഡന്‍സിയില്‍ റൂമെടുത്ത ശേഷം ടി.വി.യുമായി മുങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

പാലക്കാട് കക്കയം കോട് വീട്ടില്‍ ജനിച്ച ശിവകുമാര്‍ വിവാഹിതനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി വീട്ടുകാരുമായി ബന്ധമില്ലാതെ വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് കഴിയുകയാണ്. ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത ശേഷം അവിടത്തെ ടി.വി. വലിയ ബാഗില്‍ ഒളിപ്പിച്ചു കടത്തുകയാണ് പതിവ്. മോഷണം നടത്തുന്ന ടൂറിസ്റ്റ് ഹോമിനു സമീപമുള്ള ടി.വി. നന്നാക്കുന്ന ഷോപ്പില്‍ എത്തിക്കും.കേടു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് മടങ്ങും. പിന്നീട് കാരണങ്ങള്‍ നിരത്തി കാശ് വാങ്ങി മുങ്ങുന്നതാണ് പതിവ്. ടിവി ഏല്‍പ്പിച്ചിരിക്കുന്നതിനാല്‍ തിരിച്ച് വാങ്ങാനെത്തുമെന്ന് കടക്കാരനെ വിശ്വസിപ്പിക്കുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top