സ്ത്രീജനങ്ങളെ കൈയിലെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സാരി വിതരണം പ്രഖ്യാപിച്ചത്. ടിആര്‍എസ് നേതാക്കള്‍ വീമ്പിളക്കി നടത്തിയ പരിപാടി തിങ്കളാഴ്ചയാണ് നടന്നത്. തെലങ്കാനയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ബത്തുകമ്മ. ദസറയോടനുബന്ധിച്ച് നടക്കുന്ന ആഘോഷമാണിത്. പൂവുകള്‍ കൊണ്ട് അലങ്കരിച്ച ചെറു സ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയെടുത്ത സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആഘോഷത്തിലെ പ്രധാന ചടങ്ങ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സാരി വിതരണം പ്രഖ്യാപിച്ചത്. ഇതിന് വേണ്ടി പൊതു ഖജനാവില്‍ നിന്ന് 222 കോടി രൂപ ചെലവിടുകയും ചെയ്തു. വിവിധ തരത്തിലുള്ള ഒരു കോടിയിലധികം സാരികള്‍ വാങ്ങി. വനിതാ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത 500 ഓളം ഡിസൈനുകളില്‍ പെട്ട സാരികളാണ് സര്‍ക്കാര്‍ വിതരണത്തിന് കൊണ്ടുവന്നത്. തിങ്കളാഴ്ച രാവിലെ തന്നെ വിതരണ കേന്ദ്രങ്ങളില്‍ നീണ്ട വരിയായിരുന്നു. സ്ത്രീകള്‍ തിക്കുംതിരക്കും കൂട്ടാന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നൂറിലധികം സ്ഥലത്താണ് സാരി നല്‍കിയത്. എല്ലായിടത്തും സ്ത്രീകള്‍ കൂട്ടത്തോടെ സാരി വാങ്ങാനെത്തി. ജാതി മത ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാരി വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് സാരികള്‍ എത്തിച്ചത്. ഉന്നത നിലവാരത്തിലുള്ള സാരികളാണ് വിതരണത്തിന് എത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. പലയിടത്തും ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ തല്ലി. മുടിപിടിച്ചു വലിച്ച് അടികൂടുന്ന രംഗങ്ങള്‍ ചാനലുകളിലും. സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചു. ഇഷ്ടപ്പെട്ട ഡിസൈന്‍ കിട്ടിയില്ലെന്നായിരുന്നു പലരുടെയും പരാതി. കിട്ടിയ സാരിക്ക് നിലവാരമില്ലെന്നു മറ്റു ചിലര്‍. മാറ്റിവാങ്ങാനായി നിരവധി പേര്‍ വീണ്ടും വന്നു.
ഇതോടെ വാക്കേറ്റമായി. സംഘര്‍ഷവും തുടങ്ങി. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സ്ത്രീകള്‍ ആരോപിച്ചു. ഇതിന് പകരം എല്ലാവര്‍ക്കും 50 രൂപ നല്‍കിയാല്‍ മതിയെന്നായി ചിലര്‍. മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ക്ക് തന്നെ കൊടുക്കാന്‍ ആവശ്യപ്പെട്ട ചില സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ പേരെടുത്ത് പറഞ്ഞ് ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. ഇത്തരം സാരികള്‍ തരുന്നതിന് പകരം നല്ല രീതിയില്‍ റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സ്ത്രീകള്‍ പറഞ്ഞു. കിട്ടിയ സാരികള്‍ കൂട്ടിയിട്ട് സ്ത്രീകള്‍ കത്തിച്ചു. കത്തുന്ന സാരികള്‍ക്ക് ചുറ്റും നിന്ന് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. അതേസമയം, പദ്ധതി കുളമാക്കിയത് കോണ്‍ഗ്രസാണെന്നാണ് ടിആര്‍എസ് കുറ്റപ്പെടുത്തി.