രക്ഷിതാവിന്റെ ശരിയായ മൂല്യം കുട്ടികള്‍ തിരിച്ചറിയേണ്ട കാലം കൂടിയാണ് കൗമാരം. കൗമാരത്തില്‍ ശാരീരികമായും മാനസികമായും കുട്ടി വളരുമ്പോള്‍ അവന്‍/അവള്‍ക്ക് സുഹൃത്തുക്കളും വഴികാട്ടികളുമായി നില്‍ക്കേണ്ടത് രക്ഷാകര്‍ത്താക്കളാണ്.
കുട്ടികളുടെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ രക്ഷാകര്‍ത്താവിനെ അമ്പരപ്പിക്കാറുണ്ട്. രക്ഷാകര്‍ത്താക്കള്‍ പലപ്പോഴും അവരുടെ അച്ഛനമ്മമാര്‍ പകര്‍ന്നുനല്‍കിയ അറിവും സാമര്‍ത്ഥ്യവും അതുപോലെ തന്നെ പുതുതലമുറയ്ക്ക് കൈമാറാന്‍ ശ്രമിക്കും. പക്ഷേ, അച്ഛനമ്മമാര്‍ തലമുറകളില്‍ വന്ന മാറ്റം ശ്രദ്ധിക്കുന്നില്ല. അന്‍പതു വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇന്നുള്ളത്. കുട്ടികള്‍ പഴയ ലോകത്തിലെ കുട്ടികളുമല്ല. അവരുടെ ചിന്താധാരയില്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ രക്ഷാകര്‍ത്താവ് ഇന്നത്തെ ലോകത്തിലേക്ക് ഇറങ്ങിവന്നു വേണം ഈ ജെനറേഷനിലെ കുട്ടികളെ മനസ്‌സിലാക്കാന്‍. ഇപ്പോള്‍ മുതിര്‍ന്നവരേക്കാള്‍ പുതിയ ടെക്‌നോളജികളുമായി കൂടുതല്‍ ചങ്ങാത്തം കുട്ടികള്‍ക്കാണ്.
ലൈംഗിക-സ്വഭാവവളര്‍ച്ച
കൗമാരത്തിനു മുമ്പായി കുട്ടികളില്‍ ലൈംഗിക-സ്വഭാവ വളര്‍ച്ച ഘട്ടംഘട്ടമായി നടക്കുന്നു.
പ്രീസ്‌കൂള്‍ കുട്ടികള്‍
(4 വയസ്‌സിനു താഴെ)
കുഞ്ഞുങ്ങള്‍ ജനനേന്ദ്രിയങ്ങളില്‍ തടവുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.
എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് ജനനേന്ദ്രിയം ഉരയ്ക്കും. അല്ലെങ്കില്‍ കൈകള്‍ കൊണ്ട് ജനനേന്ദ്രിയം ഉരയ്ക്കുകയും തടവുകയും ചെയ്യും.
ജനനേന്ദ്രിയം മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കും.
അമ്മയുടെ മുലക്കച്ച തടവും അല്ലെങ്കില്‍ മറ്റു സ്ത്രീകളുടെ മുലക്കച്ച തൊടാന്‍ ശ്രമിക്കും.
അടിവസ്ത്രം ധരിക്കാന്‍ മടി കാണിക്കും.
മറ്റുള്ളവര്‍ വസ്ത്രം മാറുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കും.
സ്വന്തം ശരീരത്തെപ്പറ്റിയും മറ്റുള്ളവരുടെ ശരീരത്തെപ്പറ്റിയും ചോദിക്കും.
4-8 വയസ്‌സ്
ചെറിയ തോതില്‍ സ്വയംഭോഗം ചെയ്തു തുടങ്ങും.
മറ്റുള്ളവരുടെ നഗ്നശരീരം കൗതുകത്തോടെ നോക്കി നില്‍ക്കും.
ടിവിയിലും സിനിമയിലും കാണുന്ന കൈകൊടുക്കല്‍, ചുംബനരീതികള്‍ എന്നിവ അഭിനയിച്ചുകാണിക്കും
അര്‍ത്ഥമറിയാതെ ചീത്തവാക്കുകള്‍ തമാശരൂപത്തില്‍ പറയും
മറ്റു കുട്ടികളുമായി ചേര്‍ന്ന് ഡോക്ടര്‍ പേ്‌ളയില്‍ ഏര്‍പ്പെടും. കുട്ടി ഡോക്ടറായി മാറി, മറ്റു കുട്ടികളോട് വസ്ത്രം മാറ്റാന്‍ പറഞ്ഞ് ശരീരം പരിശോധിക്കും. ഇതിനായി കുട്ടികള്‍ പലതരത്തിലുള്ള കളികള്‍ തെരഞ്ഞെടുക്കുന്നു
.8-13 വയസ്‌സ്
സ്വയംഭോഗം ചെയ്യുന്നു.
ബോയ് ഫ്രെണ്ട്/ഗേള്‍ ഫ്രെണ്ട്, അദ്ധ്യാപകന്‍/വിദ്യാര്‍ത്ഥി എന്നിങ്ങനെ പലതരം കളികളില്‍ ഏര്‍പ്പെടുന്നു.
നഗ്നശരീരങ്ങളിലും ചിത്രങ്ങളിലും ശ്രദ്ധ കൊടുക്കുന്നു.
രക്ഷാകര്‍ത്താക്കള്‍ അറിയേണ്ടത്
കുട്ടികളുടെ വളര്‍ച്ച പലപ്പോഴും രക്ഷാകര്‍ത്താക്കള്‍ ഉള്‍ക്കൊള്ളുന്നില്ല. കുട്ടി കൗമാരത്തിലെത്തിയാല്‍ പോലും രക്ഷാകര്‍ത്താവിന്റെ കണ്ണുകളില്‍ അവന്‍/അവള്‍ കുട്ടിയാണ്. കുഞ്ഞ് വളര്‍ന്ന് കുട്ടിയായി കുട്ടി വളര്‍ന്ന് മുതിര്‍ന്ന സ്ത്രീ അല്ലെങ്കില്‍ പുരുഷനാകുന്നു. കുട്ടികള്‍ വളരുന്തോറും പുതിയ കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹവും നിരീക്ഷണ പാടവവും കൂടുന്നു. കുട്ടി 12-13 വയസ്‌സ് ആകുമ്പോള്‍ തന്നെ രക്ഷാകര്‍ത്താവ് കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് സെക്‌സിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം. ഇതിനായി ശരീരശാസ്ത്ര പുസ്തകത്തിന്റെ സഹായം തേടാം.
എന്നാല്‍, പല രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികളുമായി ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാന്‍ കഴിയുന്നില്ല. അതിനാല്‍, ഇതിനായി ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിനെ സമീപിക്കാം.
ഇപ്പോള്‍ പല സ്‌കൂളുകളിലും കൗണ്‍സലേഴ്‌സ് ഉണ്ട്. പക്ഷേ, പൊതുവെ കണ്ടുവരുന്നത് കുട്ടികള്‍ സംശയങ്ങള്‍ ചോദിച്ചാല്‍ മാത്രമേ ഇവരും ഇത്തരം വിഷയങ്ങള്‍ കുട്ടികളോട് സംസാരിക്കുകയുള്ളൂ എന്നതാണ്. അതിനാല്‍, കുട്ടിക്ക് ശരിയായ ലൈംഗിക അറിവ് കിട്ടിയോ എന്ന് രക്ഷാകര്‍ത്താവ് ഉറപ്പുവരുത്തണം. അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. ഇല്ലെങ്കില്‍ കുട്ടികള്‍ കാര്യങ്ങള്‍ സ്വയം തേടാന്‍ തുടങ്ങും.
ലൈംഗികതയെപ്പറ്റി തെറ്റായി മനസ്‌സിലാക്കുന്ന കുട്ടി പിന്നീട ജീവിതകാലം മുഴുവന്‍ ആ തെറ്റ് ആവര്‍ത്തിക്കുന്നു. അറിയുവാനുള്ള കുട്ടികളുടെ ജിജ്ഞാസ പലപ്പോഴും മുതിര്‍ന്നവര്‍ ചൂഷണം ചെയ്യുന്നു; അവരെ തെറ്റായ വഴിക്കു നയിക്കാന്‍ കാരണമാകുന്നു. കുട്ടിക്കു വേണ്ടി പണം സമ്പാദിക്കാന്‍ രക്ഷിതാക്കള്‍ കാണിക്കുന്ന താത്പര്യം കുട്ടിക്ക് ശരിയായ സാമൂഹിക-ലൈംഗിക അറിവു നേടുന്നതിനും കാണിക്കുക.
കൗമാരപ്രണയം രക്ഷിതാവിന്റെ തലവേദന
കൗമാരത്തില്‍ കുട്ടികള്‍ എന്തിനും ഏതിനും ദേഷ്യപ്പെടും. അതുകൊണ്ടു തന്നെ, അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. കൗമാരക്കാര്‍ അവര്‍ സ്വയം സൃഷ്ടിച്ച ലോകത്ത് നില്‍ക്കുന്നു. അവരുടെ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ് ശരിയെന്ന് ചിന്തിക്കുന്നു.
കൗമാരപ്രണയം പലപ്പോഴും പ്രായത്തിന്റെ കൗതുകം മാത്രമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ചെറിയ കാര്യങ്ങള്‍ക്കു പോലും വാശികാണിക്കുന്ന ഇക്കൂട്ടര്‍ പഠനത്തേക്കാള്‍ ശ്രദ്ധ പ്രണയത്തിനു നല്‍കുന്നു. കൗമാരക്കാരുടെ പ്രണയമറിയുന്ന രക്ഷാകര്‍ത്താവ് അതിനോട് രൂക്ഷമായി പ്രതികരിക്കും. അത് പലപ്പോഴും വാശിക്കു കാരണമാകും. ചിലര്‍ ജീവിതാനുഭവം കൊണ്ടുമാത്രമേ ശരിതെറ്റുകള്‍ മനസ്‌സിലാക്കൂ.
കൗമാരക്കാരന്റെ പ്രണയം മനസ്‌സിലാക്കുന്ന രക്ഷാകര്‍ത്താവ് ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വഴക്കോ അടിയോ അല്ല പരിഹാരം. വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം അല്ലെങ്കില്‍ ചിന്താശേഷി വര്‍ദ്ധിപ്പിക്കലാണ് ഇതിനായി സ്വീകരിക്കേണ്ടത്. ബിഹേവിയര്‍ കൊഗ്‌നിറ്റീവ് തെറാപ്പി, കൗണ്‍സലിംഗ് എന്നിവ ഉപകരിക്കും. ഇതിലൂടെ കൗമാരക്കാരെ വളരെ ശ്രദ്ധയോടെ തങ്ങളുടെ ചിന്താധാരയേയും ശരീരത്തെയും വീക്ഷിച്ച് ശരിയായ തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കുന്നു.
ഫേസ്ബുക്കും വാട്ട്‌സ്ആപ്പും
പുതുതലമുറയിലെ കുട്ടികളില്‍ ഭൂരിപക്ഷവും ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഉപയോഗിക്കുന്നവരാണ്. ഇവയുടെ തെറ്റായ ഉപയോഗം കുട്ടികളുടെ ജീവിതത്തെ നശിപ്പിക്കും. അടുത്തകാലത്ത് ഞങ്ങളെ സമീപിച്ച ഒരു കേസിനെപ്പറ്റി പറയാം. സുറുമി, ഇരുപത് വയസ്‌സുള്ള പെണ്‍കുട്ടി. മാതാപിതാക്കള്‍ ഗള്‍ഫിലാണ്. ഒരേയൊരു മകള്‍. സ്‌കൂള്‍ വിദ്യാഭ്യാസം വിദേശത്ത്. നാട്ടില്‍ ദന്തല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ താമസമാക്കി. അച്ഛനമ്മമാരോട് സ്‌നേഹമുള്ള മകള്‍.
അച്ഛനമ്മമാര്‍ക്ക് മകളെ അങ്ങേയറ്റം വിശ്വാസമായിരുന്നു. സുറുമി നന്നായി പഠിക്കുന്നതിനാല്‍ അച്ഛനമ്മമാരും സന്തോഷിച്ചു. ഒന്നാംവര്‍ഷ പരീക്ഷയുടെ മാര്‍ക്ക് വന്നു. സുറുമിക്ക് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ല. തുടര്‍ന്നുള്ള പരീക്ഷകളിലും സുറുമിയുടെ മാര്‍ക്ക് കുറയാന്‍ തുടങ്ങി. പഠനത്തില്‍ സുറുമി പിന്നോക്കം പോകുന്നത് മാതാപിതാക്കള്‍ക്ക് സങ്കടമുണ്ടാക്കിയെങ്കിലും അവര്‍ സുറുമിയോടൊപ്പം നിന്നു. രാത്രിയില്‍ സുറുമിയുടെ മുറിയില്‍ ലൈറ്റ് കത്തിക്കിടന്നു. അച്ഛനമ്മമാര്‍ കരുതിയത് മകള്‍ പഠിക്കുകയാണെന്നാണ്. എന്നാല്‍, പരീക്ഷകളില്‍ സുറുമിയുടെ മാര്‍ക്ക് കുറഞ്ഞുവന്നു.
കാര്യത്തിന്റെ ഗൗരവം മനസ്‌സിലാക്കിയ അച്ഛനമ്മമാര്‍ സുറുമിയെ രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അപ്പോഴാണ് അമിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ശീലം സുറുമിക്കുണ്ടെന്നു മനസ്‌സിലായത്. ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്തു. പട്ടിണി കിടന്നാണ് സുറുമി അതിനോട് പ്രതികരിച്ചത്.
പഠനത്തില്‍ നന്നായി ഉഴപ്പിയ സുറുമിക്ക് അച്ഛനമ്മമാര്‍ വിവാഹം ആലോചിച്ചു തുടങ്ങി. ഒരു ആലോചന ഏതാണ്ട് ഉറയ്ക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ സുറുമി ചെറുക്കന്റെ വീട്ടില്‍ വിളിച്ച് തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നു പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ തകര്‍ന്നു പോയി.
സുറുമി ആരെയാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സുറുമിക്ക് ആരോടും അധികം സൗഹൃദമില്ലെന്നാണ് കോളേജില്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. സുറുമയുടെ കൂട്ടുകാരിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന രഹസ്യം അച്ഛനമ്മമാര്‍ മനസ്‌സിലാക്കിയത സുറുമി ഫേസ്ബുക്കിലൂടെ ഒരാളെ ഇഷ്ടപ്പെട്ടു. അവര്‍ വളരെ നാള്‍ രാത്രിയില്‍ ചാറ്റ് ചെയ്തു. അവരുടെ ഫേസ്ബുക്ക് സൗഹൃദം ചാറ്റില്‍ മാത്രം ഒതുങ്ങിയില്ല. സുറുമി തന്റെ നഗ്നശരീരം അജ്ഞാതനായ ഫേസ്ബുക്ക് കാമുകനു വേണ്ടി പ്രദര്‍ശിപ്പിച്ചു. സുറുമിയുടെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്ക് കാമുകന്‍ തന്റെ സുഹൃത്തുക്കള്‍ക്കു കൈമാറി. പിന്നീട് അവരേയും തന്റെ ശരീരം കാണിക്കാന്‍ സുറുമി നിര്‍ബന്ധിതയായി. സഹികെട്ട് എതിര്‍ത്തപ്പോള്‍ ലോകം മുഴുവന്‍ സുറുമിയുടെ നഗ്നശരീരം കാണുമെന്നു പറഞ്ഞ് കാമുകനും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തി.
എകമകളുടെ അവസ്ഥയറിഞ്ഞ അച്ഛനമ്മമാര്‍ മാനസികമായി തകര്‍ന്നു. പക്ഷേ, വളരെ പ്രായോഗികമായാണ് അവര്‍ കാര്യങ്ങളെ സമീപിച്ചത്. മാനസികമായി തകര്‍ന്ന മകളെ അച്ഛനമ്മമാര്‍ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്നു. പ്രായത്തിന്റെ കൗതുകങ്ങളാണ് സുറുമിയെ പ്രണയക്കുറുക്കില്‍ അകപ്പെടുത്തിയത്. പ്രായം മനസ്‌സില്‍ പ്രണത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍, ആരെയെങ്കിലും പ്രണയിക്കണമെന്ന മോഹം സുറുമിക്കും ഉണ്ടായിരുന്നു. എന്നാല്‍, അതിനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഫേസ്ബുക്ക് സുഹൃത്തിനെ കിട്ടുന്നതും അയാളുമായി പ്രണയത്തിലാകുന്നതും.
കൗണ്‍സലിംഗ്, ബിഹേവിയര്‍ മോഡിഫിക്കേഷന്‍ എന്നിവയിലൂടെ സുറുമി സാധാരണജീവിതത്തിലേക്കു മടങ്ങിവന്നു. മകളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കൊഗ്‌നിറ്റീവ് തെറാപ്പിയിലൂടെ ശരിയായ ചിന്താധാരയിലെത്താനും സുറുമിക്കു സാധിച്ചു. അതിനുശേഷം പഠനത്തില്‍ ശ്രദ്ധിക്കാനും പഴയതുപോലെ നന്നായി പഠിക്കാനും സുറുമിക്കു കഴിഞ്ഞു
അച്ഛനമ്മമാരാവണ്ട, സുഹൃത്തുക്കളാവാം
കൗമാരക്കാര്‍ക്ക് പൊതുവെ അടുപ്പം സുഹൃത്തുക്കളോടാണ്. അതിനു പല കാരണങ്ങളുണ്ട്. അവരുടെ സംശയങ്ങളും ജിജ്ഞാസയും മനസ്‌സിലാക്കുന്നവരാണ് സുഹൃത്തുക്കള്‍. കൗമാരപ്രായത്തില്‍ സുഹൃത്തുക്കളോടൊപ്പം അശ്‌ളീല ചിത്രങ്ങള്‍ കാണുന്നത് പതിവാണ്.
ഇന്ന് കൗമാരക്കാരന്റെ ഉറ്റസുഹൃത്ത് ഇന്റര്‍നെറ്റാണ്. അതില്‍ അവര്‍ അറിയാന്‍ ആഗ്രഹിക്കുന്നതെല്ലാമുണ്ട്. അതുകൊണ്ടുതന്നെ , കൗമാരക്കാരന് കൂടുതല്‍ സമയവും കമ്പ്യൂട്ടറുമായാണ് ചങ്ങാത്തം. കൗമാരത്തിലേക്കു കടക്കുന്നതിനു മുമ്പ് അച്ഛനമ്മമാര്‍ കുട്ടികളുടെ അടുത്ത സുഹൃത്തുക്കളായി മാറണം. അല്ലെങ്കില്‍ അവര്‍ മറ്റു സുഹൃത്തുക്കളെ തേടിപ്പോകും. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അച്ഛനമ്മമാര്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നില്ല. കുഞ്ഞുങ്ങളെ, ബോധപൂര്‍വ്വം അല്ലെങ്കില്‍ പോലും രക്ഷാകര്‍ത്താക്കള്‍ അവഗണിക്കുന്നു. കുഞ്ഞ് വളര്‍ന്ന് കൗമാരപ്രായത്തിലെത്തുമ്പോള്‍ കുട്ടിക്കാലത്ത് തന്നോട് കാണിച്ച അവഗണന അവന്‍ രക്ഷാകര്‍ത്താക്കളോടും കാണിക്കുന്നു.
ഇതു പരിഹരിക്കാന്‍ ഫാമിലി തെറാപ്പി ചെയ്യാം. അച്ഛനമ്മമാര്‍ക്ക് കുട്ടികളെ മനസ്‌സിലാക്കാനും കുട്ടികള്‍ക്ക് അച്ഛനമ്മമാരെ മനസ്‌സിലാക്കാനും ഫാമിലി തെറാപ്പി ഉപകരിക്കും. ഫാമിലി തെറാപ്പിയിലൂടെ കടന്നു പോകുന്ന കുടുംബം ഇന്നലെ വരെയുള്ള തെറ്റുകള്‍ മനസ്‌സിലാക്കി, അവ തിരുത്തി പുതിയൊരു കുടുംബജീവിതത്തിലേക്കു കടക്കാന്‍ സഹായിക്കും
കുഞ്ഞുവാവ എവിടെ നിന്നാ വന്നത്?
അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കുഞ്ഞ് വളരെ കൗതുകത്തോടെയാണ് അതിനെ കാണുന്നത്. ആദ്യം കുഞ്ഞ് മനസ്‌സിലാക്കുന്നത് തനിക്കു കൂടെ കളിക്കാന്‍ ഒരാള്‍ കൂടി വരുന്നു എന്നാണ്. പിന്നീടുള്ള ചിന്ത എങ്ങനെ വാവ വരും എന്നുള്ളതാണ്. അതിനുള്ള ഉത്തരം കുട്ടിയുടെ പ്രായം അനുസരിച്ച് നല്‍കാം. പലപ്പോഴും കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന ഉത്തരം അവര്‍ക്ക് തൃപ്തികരമാകണമെന്നില്ല.
കുട്ടികളുടെ ചോദ്യം മുതിര്‍ന്നവര്‍ മറന്നാലും കുട്ടികള്‍ മറക്കില്ല. കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് അതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. കുട്ടികള്‍ കൗമാരത്തിലേക്കു കടക്കുമ്പോള്‍ ആ രഹസ്യം അവര്‍ക്കു പറഞ്ഞുകൊടുക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ കൗമാരത്തിന്റെ തുടക്കത്തില്‍ കൗണ്‍സലിംഗ് നല്‍കാം. ഇത് കുട്ടികള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കാന്‍ സഹായിക്കും.
അരുതാത്ത ബന്ധം
ഇന്ന് മിക്കവാറും വീടുകളില്‍ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ നിന്നും വീട്ടില്‍ വന്നാല്‍ അവരുടെ ലോകം വീടാണ്. പല രക്ഷാകര്‍ത്താക്കളും കരുതുന്നത് കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരാണെന്നാണ്.
കുട്ടികള്‍ കൗതുകം കൊണ്ട് പലതും ചെയ്‌തേക്കാം. ശരീരം സ്വയം പഠിക്കാനായി പരസ്പരം നഗ്നരാകുന്ന കുട്ടികളുണ്ട്. ഇതു തുടര്‍ന്നാല്‍ ഭാവിയില്‍ ദോഷകരമായി ബാധിക്കും. ഒരു കൗതുകം കൊണ്ടു ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അത് പിന്നീട് ലൈംഗികവേഴ്ചയിലേക്കു പോലും നയിച്ചേക്കാം. അതിനാല്‍, ജോലിത്തിരക്കുള്ള രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ സുരക്ഷിതമായ കരങ്ങളിലേല്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. പണ്ട് മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു ഈ റോള്‍ കൈകാര്യം ചെയ്തിരുന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതതു പ്രായത്തില്‍ തന്നെ രക്ഷാകര്‍ത്താക്കള്‍ നല്‍കണം.
വീടിനുള്ളിലും പീഡനം
സ്വന്തം അച്ഛന്‍ , സഹോദരന്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരില്‍ നിന്ന് പീഡനം അനുഭവിക്കേണ്ടിവരുന്ന കുട്ടിക ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. പലരും സത്യം മനസ്‌സിലാക്കിയാലും അതു മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു. ഇത് തെറ്റായ പ്രവണതയാണ്. ചെറിയ പ്രായത്തില്‍ പീഡനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാവസ്ഥ വളരെ മോശമായിരിക്കും.
കുട്ടികളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ പ്രതികരിക്കുക. അവരെ നിയമപരമായി നേരിടാന്‍ മടികാണിക്കരുത്. കുട്ടികളുടെ ലോകത്തിലേക്ക് ഇറങ്ങിച്ചെന്നു സംസാരിക്കാന്‍ അമ്മമാര്‍ക്കു കഴിയണം. കുട്ടി പീഡനത്തിനിരയായെന്നു മനസ്‌സിലാക്കിയാല്‍ പെട്ടെന്നു തന്നെ കൗണ്‍സലിംഗ് നല്‍കണം. ഒരു സൈക്യാട്രിസ്റ്റിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. ഇല്ലെങ്കില്‍ തെറ്റില്‍ നിന്നും തെറ്റിലേക്കു മക്കള്‍ വഴുതിവീഴും. ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത് നല്ല കുടുംബങ്ങളാണ്.