ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടു പോയ വൈദികൻ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയ ഭീകരർ മതം മാറാൻ ഇദ്ദേഹത്തെ ക്രൂര മർദനത്തിനു ഇരയാക്കിയതായി സൂചന. യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തായതോടെയാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസം പുറത്തു വന്നത്. അദ്ദേഹം അവശനിലയിൽ കഴിയുന്നതും ഭീകരർ ഉപദ്രവിക്കുന്നതുമായ രംഗങ്ങളുള്ള ദൃശ്യങ്ങൾ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയാണു പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.
ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടൽ തുടരുകയാണെന്നും മധ്യസ്ഥർ മുഖേന ചർച്ചകൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇതു വൈദികന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. യെമനിൽ ഏഡനിലെ വൃദ്ധസദനം ആക്രമിച്ച ഭീകരർ കഴിഞ്ഞ മാർച്ച് നാലിനാണു ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. ഇദ്ദേഹം ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നെങ്കിലും തടവിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്താനായിരുന്നില്ല.