റയില്‍വേ ട്രാക്കിലൂടെ ബൈക്ക്‌ ഓടിച്ച യുവാവിനെ പൊലീസ്‌ പിടികൂടി: തകര്‍ന്നത്‌ ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം

കോട്ടയം: കോട്ടയത്തിനടുത്ത് ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടത്തിയ യുവാവ് പിടിയില്‍. റെയില്‍വേ ട്രാക്കില്‍ ബൈക്ക് ഓടിച്ച് കയറ്റിയും വലിയ കല്ലും കംപ്യൂട്ടറിന്റെ അവശിഷ്ടങ്ങളും ഇരുമ്പുകമ്പിയും വിഡിയോ ക്യാമറയും ഉള്‍പ്പെടയുള്ള സാധനങ്ങള്‍ നിരത്തിയാണ് വിവിധ സമയങ്ങളിലായി ഇയാള്‍ അട്ടിമറി ശ്രമം നടത്തിയത്. ഈ സമയം ഇതുവഴി കടന്ന് പോയ മൂന്ന് ട്രെയിനുകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയില്‍വേ ഉദ്യേഗസ്ഥന്റെ കാര്‍ സംശയാസ്പദമായി നിലയില്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പൂവന്തുരുത്ത് സ്വദേശി ദീപു എസ് തങ്കച്ചന്‍ എന്ന യുവാവിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ ചിങ്ങവനം എസ്.ഐ. കെ.പി. തോമസണ്‍, റെയില്‍വെ എസ്.പി. വി. മോഹനന്‍, റെയില്‍വെ ഡിവൈഎസ്പി എന്‍, രാജേഷ്, റെയില്‍വെ എസ്.ഐ. കെ.എന്‍. ഷാജിമോന്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തു. വൈകിട്ടോടെ ദിപുവിനെ കോട്ടയത്ത് എത്തിച്ചു കോട്ടയം റെയില്‍വെ പൊലിസിന് കൈമാറും. ഇയാള്‍ കഴിഞ്ഞ 11 വര്‍ഷമായി മാനസിക രോഗത്തിന് ചികില്‍സയിലായിരുന്നതായാണ് പൊലിസ് പറയുന്നത്. മുംബൈ പനവേലില്‍ ആശ്രമത്തിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് വീട്ടിലെത്തിയത്.
മലബാര്‍ എക്‌സപ്രസ്, അമൃത എക്‌സ്പ്രസ്, ദിബ്രൂഗഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് അട്ടിമറി ശ്രമം നടന്നത്. റയില്‍വേ പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും സംയുക്ത പരിശോധന കോട്ടയത്ത് ഇന്നലെ നടന്നു. ദേശവിരുദ്ധ ശക്തികളുടെ കൈകളുണ്ടെന്ന സംശയം ബലപ്പെട്ടതിനാല്‍ ആ രീതിയിലും അന്വേഷണം നടത്തുന്നതായും ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വ്യാഴാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിങ്ങവനത്ത് റെയില്‍വേ ട്രാക്കില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേയ്ക്ക് വരുകയായിരുന്ന മലബാര്‍ എക്‌സ്പ്രസാണ് ട്രാക്കില്‍ വെച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്. രാത്രിയില്‍ മൂലേടം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് റയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ചെത്തിയ യുവാവ് പൂവന്‍തുരുത്ത് പാലത്തിന് സമീപത്ത് എത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നു ട്രെയിന്‍ വരുന്നത് കണ്ട് ബൈക്ക് പാളത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ട്രാക്കില്‍ കിടന്ന ബൈക്കുമായി ട്രെയിന്‍ അരകിലോമീറ്ററോളം ദൂരം നിരങ്ങി നീങ്ങി. ട്രെയിന്‍ കടന്നുപോയപ്പോള്‍ അസാധാരണമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ട്രെയിനിന്റെ അടിയില്‍ നിന്ന് തീപൊരി പാറുന്നതാണ് കാണുന്നത്. അപകടസാധ്യത മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്റെ വേഗം കുറച്ച ശേഷം ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ചിങ്ങവനം എസ്‌ഐ കെ.പി ടോംസണും, റയില്‍വേ എസ്‌ഐ കെ.എല്‍ ഷാജിമോനും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നു ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ ട്രാക്കില്‍ നിന്നും ബൈക്ക് എടുത്തു മാറ്റി.
പൊലീസ് സംഘം ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മേല്‍പ്പാലത്തിന്റെ അടിയിലായി റയില്‍വേ ട്രാക്കിലാല്‍ കല്ല് വച്ച് രണ്ടാമത് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമംകണ്ടെത്തിയത്. തുടര്‍ന്നു കല്ലുകള്‍ മാറ്റിയ ശേഷം ട്രെയിനുകള്‍ യാത്ര തുടര്‍ന്നു. തിരുവനന്തപുരം -–പാലക്കാട് അമൃത എക്‌സ്പ്രസ് വരുന്ന സമയത്താണ് റയില്‍വേ ട്രാക്കില്‍ കല്ല് ഉരുട്ടിയിട്ടത്. തിരുവനന്തപുരം ദിബ്രൂഗഡ് എക്‌സ്പ്രസിന്റെ ട്രാക്കില്‍ കംപ്യൂട്ടറിന്റെ അവശിഷ്ടങ്ങളും ഇട്ടാണ് മൂന്നാമത് അട്ടിമറി ശ്രമമുണ്ടായത്. ഇതിനു ശേഷം ചാന്നാനിക്കാട് ഭാഗത്ത് പാളത്തിന് മുകളില്‍ ഇലക്ട്രിക് ലൈനില്‍ കാടും പടലും പറിച്ചിട്ട നിലയിലും കണ്ടു. സംഭവങ്ങളെ തുടര്‍ന്ന് ട്രെയിനുകള്‍ മിക്ക സ്‌റ്റേഷനുകളിലും പിടിച്ചിട്ട് ട്രാക്കില്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്. സംഭവത്തില്‍ റയില്‍വേ പൊലീസും, ചിങ്ങവനം പൊലീസും കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
എന്നാല്‍ സംഭവം അറിഞ്ഞ് അന്വേഷിക്കാനെത്തിയ റയില്‍വേ ഉദ്യേഗസ്ഥന്റെ കാര്‍ സംശയാസ്പദമായി നിലയില്‍ തകര്‍ക്കപ്പെടുകയും ചെയ്തു. പാളത്തില്‍ കിടന്ന ബൈക്കിനെ ട്രെയിന്‍ കുറേദൂരം തള്ളിനീക്കി. ടെയിന്‍ നിര്‍ത്തി ബൈക്ക് പിന്നീട് എടുത്തു മാറ്റുകയായിരുന്നു. ബൈക്ക് എടുത്തുമാറ്റിയ ശേഷം ഉദ്യോഗസ്ഥന്‍ തിരികെ റോഡിലെത്തിയപ്പോള്‍ കാര്‍ തകര്‍ക്കപ്പെടുകയും ടയറുകളുടെ കാറ്റ് കുത്തിവിട്ട നിലയിലുമായിരുന്നു.

Top