പാരിസ്: പാരിസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബൗദിനൊപ്പം കൊല്ലപ്പെട്ട ചാവേര്‍ ഹസ്‌ന അയ്ത്ത് ബൗലാഹ്‌സന്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് തന്റെ ചിത്രമെന്ന് മൊറോക്കന്‍ യുവതി നബീല ബക്താത്ത.
പതിനഞ്ചാംവയസ്സില്‍ ഫ്രാന്‍സിലെത്തിയ നബീല ഒന്‍പതുവര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. 2007-ലാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് നബില തന്റെ ചിത്രം ദുരുപയോഗം ചെയ്തതാണെന്ന് അവകാശപ്പെടുന്നത്.
തന്നോട് വിരോധമുള്ള പഴയ വനിതാസുഹൃത്തായിരിക്കാം ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും നബീല ബക്താത്ത കുറ്റപ്പെടുത്തുന്നു. ‘എനിക്ക് ഭീകരരുമായി ബന്ധമില്ല, എന്റെ ചിത്രം കിട്ടിയ ഉടന്‍ ഒന്നും അന്വേഷിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. എനിക്ക് ജോലിക്ക് പോലും പോകാന്‍ വയ്യാതായി. ഭയന്നാണ് ഞാനിപ്പോള്‍ കഴിയുന്നത്’-അവര്‍ പറയുന്നു. മധ്യ മൊറോക്കോയിലെ ബേനി മെല്ലാല്‍ നഗരത്തിലാണ് നബീല ഇപ്പോള്‍ കഴിയുന്നത്.