ന്യൂയോര്‍ക്ക്: പാക്കിസ്ഥാന്‍ ഭീകരരെ പ്രകീര്‍ത്തിക്കുകയും ഭീകരവാദത്തെ രാജ്യത്തിന്റെ പ്രധാന നയമായി കാണുകയുമാണെന്ന് ഭാരതം. ഭാരതത്തിന്റെ യുഎന്‍ അംബാസിഡര്‍ സയ്യദ് അക്ബറുദ്ദിനാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യു.എന്നില്‍ ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്.
യു.എന്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ സഹായങ്ങള്‍ ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തീവ്രവാദികളെ ഉപയോഗിച്ച് വഷളാക്കാന്‍ അയല്‍രാജ്യം ശ്രമിക്കുകയാണ്. യു.എന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പാകിസ്താന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
ഇന്ത്യ ജനാധിപത്യം, മനുഷ്യാവകാശം, രാജ്യാന്തര നിയമങ്ങള്‍ എന്നിവയെ ബഹുമാനിക്കുന്ന രാജ്യമാണ്. എല്ലാ മേഖലകളിലെയും മുനുഷ്യാവകാശ സംരക്ഷണത്തിനും പ്രചാരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചയിലാണ് യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഭീകരരെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചത്. വാനിയെ കശ്മീരി നേതാവ് എന്ന് വിശേഷിപ്പിച്ച പാക് പ്രതിനിധി കൊലപാതകം നിയമപരമല്ലെന്ന് ആരോപിച്ചിരുന്നു.ബുധനാഴ്ച യുഎന്‍ അസംബ്ലിയില്‍ നടന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പാക്കിസ്ഥാന്റെ പ്രതിനിധി മലീഹ ലോധി കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ അനുകൂലിച്ച് കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. ബുര്‍ഹാന്‍ വാനി കശ്മീരിന്റെ നേതാവാണെന്നാണ് പാക്കിസ്ഥാന്റെ പ്രതിനിധി പറഞ്ഞത്.
ഇതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സയ്യദ് അക്ബറുദ്ദിന്‍, പാക്കിസ്ഥാന്‍ ഭീകരവാദത്തെ രാജ്യ നയമായി കാണുകയാണെന്നും ഭീകരരുടെ ഗുണഗണങ്ങളെ യാതൊരു കൂസലുമില്ലാതെ പുകഴ്ത്തുകയാണെന്നും തുറന്നടിച്ചു. ഇതിനു പുറമെ ഭീകരവാദത്തെ മറച്ച് വച്ച് യുഎന്‍ സഭയെ ദുരുപയോഗം ചെയ്യുന്ന പാക്കിസ്ഥാന്റെ നയം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.