അത്മഹത്യാ സ്‌ക്വാഡാകാന്‍ പാക്കിസ്ഥാനില്‍ കുട്ടികളെ തട്ടിയെടുക്കുന്നു; ഇടനിലക്കാര്‍ക്കു ലഭിക്കുന്നത് 30,000 യൂറോ: കുട്ടികളെ കാണാനില്ലെന്നു പരാതിപ്പെടുന്ന കൂടുംബങ്ങളെ കൊലപ്പെടുത്തും: ഐഎസിന്റെയും തീവ്രവാദ സംഘടനകളുടെയും റിക്രൂട്ടിങ് പോളിസികള്‍ ചുരുളഴിയുന്നു

ന്യൂയോര്‍ക്ക്: തീവ്രവാദ സംഘടകളുടെ ആത്മഹത്യ സ്‌ക്വാഡിലേയ്ക്കു ആറു മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ പാക്കിസ്ഥാനില്‍ നിന്നു റിക്രൂട്ട് ചെയ്യുന്നതായി വെളിപ്പെടുത്തല്‍. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ബോംബ് സ്‌ക്വാഡായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായാണ് ഇപ്പോള്‍ പുറത്തു വന്ന വെളിപ്പെടുത്തല്‍. പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ ഇരുനൂറോളം കുട്ടിക്യാംപുകളുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപില്‍ നിന്നു സാഹസികമായി രക്ഷപെട്ട കുട്ടിയുടെ വാര്‍ത്ത അന്തര്‍ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാനിലെ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള കുട്ടിയെ തീവ്രവാദ ക്യാംപിലേയ്ക്കു കൊണ്ടു പോകുന്നതിനായി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തീവ്രവാദ ക്യാംപിലേയ്ക്കു കുട്ടിയെ എത്തിച്ചു നല്‍കിയ ഇടനിലക്കാരനു 30,000 യൂറോയാണ് തീവ്രവാദികള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലെ സമ്പന്നകുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസിനു പരാതി നല്‍കിയ കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയായിരുന്നെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പാക്കിസ്ഥാനിലെ ഇസഌമാബാദില്‍ നിന്നും തട്ടിയെടുത്ത കുട്ടിയെ അഫ്ഗാന്‍ അതിര്‍ത്തിയെ തീവ്രവാദ പരിശീലന ക്യാംപില്‍ എത്തിക്കുകയായിരുന്നു. ഈ ക്യാംപില്‍ ഇരുനൂറോളം കുട്ടികള്‍ പരിശീലനത്തില്‍ എര്‍പ്പെട്ടിരുന്നതായാണ് ക്യാംപില്‍ നിന്നു രക്ഷപെട്ട കുട്ടി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. എകെ47 തോക്കുകളുമായി കാവല്‍ നിന്ന തീവ്രവാദി സംഘത്തില്‍ നിന്നും അത്ഭുതകരമായ രീതിയിലാണ് കുട്ടി രക്ഷപെട്ടത്. ഭക്ഷണവുമായി എത്തിയ ലോറിയുടെ ഡക്കിനടിയില്‍ എട്ടു മണിക്കുറോളം ഒളിച്ചിരുന്ന ശേഷം കുട്ടി പുറത്തെത്തുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ കുട്ടികളെ തട്ടിയെടുത്തു കൈമാറുന്ന സംഘത്തിനു 7000 ഡോളര്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ തീവ്രവാദ സംഘടനകള്‍ കുട്ടികളെ തട്ടിയെടുത്തു പരിശീലനം നല്‍കി ബോബറായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. പരിശീലനം ലഭിച്ച കുട്ടികളാകുമ്പോള്‍ ഏതു കേന്ദ്രത്തിലും എത്രയും വേഗം കയറ്റിവിടാനാവുമെന്നും സൈനികരുടെ ആക്രമണത്തെ നേരിടേണ്ടി വരില്ലെന്നുമാണ് തീവ്രവാദികള്‍ പ്രതീക്ഷിക്കുന്നത്.

Top