- മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസിക്ക് കത്ത്. വിവരം എൻ.ഐ.എ. മുംബൈ പൊലീസിന് കൈമാറി.
താലിബാൻ അംഗമാണെന്ന് അവകാശപ്പെടുന്ന ആളാണ് ഇമെയിൽ അയച്ചിരിക്കുന്നത്. മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഈ ഇമെയിൽ അയച്ചയാൾ താൻ താലിബാനി ആണെന്നും മുംബൈയിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നും പറഞ്ഞതായി മുംബൈ പൊലീസ് വൃത്തങ്ങൾ പറയുന്നു. നേരത്തെ ജനുവരിയിൽ മുംബൈ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ, പിന്നീട് ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ ഒരു കോൾ പൊലീസിന് ലഭിച്ചിരുന്നു. അതിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഇൻഫിനിറ്റി മാൾ, പിവിആർ മാൾ, ജുഹു, മുംബൈയിലെ അന്ധേരിയിലെ സഹാറ ഹോട്ടൽ എയർപോർട്ട് എന്നിവിടങ്ങളിൽ ബോംബുകൾ സ്ഥാപിച്ചതായി വിവരം ലഭിച്ചതായി വിളിച്ചയാൾ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നഗരത്തിൽ സുരക്ഷാ സംവിധാനം ശക്തമാക്കി.