കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു.നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് തുടരുന്നു; അതിര്‍ത്തിയില്‍ ആളില്ലാ വിമാനം

ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ അഞ്ചു തവണ ഇന്ത്യന്‍ ഭാഗത്തേക്ക് ഷെല്ലാക്രമണം നടന്നതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു.അതേസമയം ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. യാരിപോറ പൊലീസ് സ്റ്റേഷനു നേരെ രാത്രി ഏഴേമുക്കാലോടെ അജ്ഞാതരായ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവച്ചപ്പോള്‍ ഭീകരര്‍ രക്ഷപ്പെട്ടതായി കരുതുന്നു. ആര്‍ക്കും പരുക്കില്ല. ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെയാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് പ്രതിരോധ വക്താവ് കേണല്‍ മനീഷ് മത്തേ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്. സേനാകേന്ദ്രങ്ങള്‍ക്കും, സിവിലിയന്‍ മേഖലകള്‍ക്കും നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ജമ്മു, റജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ പത്തിടങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഒരു മണിക്കൂര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. അതിനിടെ, ഇന്ത്യന്‍ അതിര്‍ത്തിക്ക് 100 മീറ്റര്‍ അടുത്ത് ആളില്ലാവിമാനം ശ്രദ്ധയില്‍പെട്ടതായി അതിര്‍ത്തി രക്ഷാസേന അറിയിച്ചു. രക്ഷാസന്നാഹത്തെക്കുറിച്ചറിയാന്‍ പാകിസ്താന്‍ അയച്ചതാകാമെന്ന് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ പറഞ്ഞു. ഇതേതുടര്‍ന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം അതീവ ജാഗ്രതയിലാണ്.
പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെതുടര്‍ന്ന് പടിഞ്ഞാറന്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജമ്മു, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ പോകുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലുടനീളം സംഘര്‍ഷാവസ്ഥയുണ്ടെന്ന് ശര്‍മ പറഞ്ഞു. രാജ്യത്തേക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ ബംഗ്ളാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന കിഴക്കന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായും അതിര്‍ത്തിയിലുടനീളം വന്‍ ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു. ബി.എസ്.എഫും ബംഗ്ളാദേശ് അതിര്‍ത്തി രക്ഷാസേനയായ ബി.ജി.ബിയും സുരക്ഷാസന്നാഹത്തെക്കുറിച്ച് ചര്‍ച്ച നടത്തി.അതിര്‍ത്തിയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് ശര്‍മ പറഞ്ഞു. അതിര്‍ത്തിയിലെ വേലിക്കപ്പുറത്തുള്ള കൃഷിയിടങ്ങളില്‍ പോകാന്‍ കര്‍ഷകരെ അനുവദിക്കുന്നുണ്ട്. എന്നാല്‍, ചിലയിടങ്ങളില്‍ ജനം സ്വയം ഒഴിഞ്ഞുപോകുന്നുണ്ട്.

പൂഞ്ച് ജില്ലയിലെ മണ്ഡി, സബ്സിയാന്‍, ഷാപുര്‍, കൃഷ്ണഗതി എന്നീ സൈനിക പോസ്റ്റുകള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സൈനിക പോസ്റ്റിലെ ഒരു ഡീസല്‍ ടാങ്ക് ഷെല്‍ പൊട്ടി തീപിടിച്ചതിനെതുടര്‍ന്ന് നിരവധി കടകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനുശേഷം നിയന്ത്രണരേഖയില്‍ രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top