താജ്മഹല്‍ മുസ്ലിം ആരാധനാ കേന്ദ്രമല്ല; വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിക്കണം; ആര്‍എസ്എസ് സംഘടന രംഗത്ത്

താജ്മഹലിനെ വീണ്ടും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ച് ആര്‍എസ്എസ് സംഘടന. താജ്മഹലിലെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസ്സിന്‍റെ അഖില്‍ ഭാരതീയ സങ്കലന്‍ സമിതിയുടെ ആവശ്യം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ ഭാരതീയ സങ്കലന്‍ സമിതിയുടെ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെയുടെ പ്രസ്താവന. താജ് മഹല്‍ ദേശീയ പൈതൃകമാണെന്നും ഇത് മതകേന്ദ്രമായി ഉപയോഗിക്കാന്‍ മുസ്ലിങ്ങളെ അനുവദിക്കുന്നത് എന്തിനാണെന്നും ചോദിക്കുന്ന ബാല്‍മുകുന്ദ് പാണ്ഡെ താജ് മഹലില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കുള്ള അനുമതി പിന്‍വലിക്കണമെന്നും അദേഹം ആവശ്യപ്പെടുന്നു. മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥനാനുമതി നല്‍കുന്നുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവനെ സ്തുതിക്കുന്നതിനും അനുമതി നല്‍കണമെന്നും ബാല്‍മുകുന്ദ് പാണ്ഡെ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചകളില്‍ പ്രാര്‍ത്ഥനയ്കക്ക് താജ്നഹല്‍ അടിച്ചിടുകയാണ് പതിവ്. താജ്മഹലിന് സമീപത്ത് ശിവസ്തുതി ആലപിച്ച വലതുപക്ഷ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കിയിരുന്നു. താജ്മഹല്‍ ശിവ ക്ഷേത്രമാണെന്നും ശിവനെ ആരാധിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം.

Top