തലയോലപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അച്ഛന്‍ കൊലചെയ്യപ്പെട്ടെന്ന് പുറംലോകത്തെ അറിയിക്കാനും കൊലയാളിയെ കണ്ടെത്താനും കഴിഞ്ഞത് നൈസിയെന്ന യുവതിയുടെ ഇടപെടല്‍.
സുഹൃത്തിന്റെ കണ്ണീരു കണ്ട് വൃക്കദാനം ചെയ്യാന്‍ തീരുമാനിച്ച നൈസിയെ പക്ഷെ അധികമാര്‍ക്കും ഈ കാരുണ്യത്തിന്റെ പേരില്‍ അറിയില്ല. പക്ഷെ അച്ഛനെ കൊന്നവനെ കുടുക്കാന്‍ കാണിച്ച മനോധൈര്യത്തിന്റെ പേരിലിന്ന് നൈസിയെ എല്ലാവരും അറിയും. എറണാകുളത്ത് ഒരുമിച്ച് ജോലിചെയ്തിരുന്ന കിഴക്കമ്പലത്തുള്ള സുഹൃത്ത് റെജിയുടെ ഭര്‍ത്താവ് ജോണ്‍സണാ(48)ണ് 2016 ജൂണ്‍ രണ്ടിന് നൈസി തന്റെ വൃക്ക നല്‍കിയത്.
ഭര്‍ത്താവിന്റെ ഇരു വൃക്കയും തകരാറിലായതോട കൂട്ടുകാരി റെജിയുടെ കുടുംബം തളരുന്നത് നേരില്‍കണ്ട നൈസി വൃക്ക ദാനംചെയ്യാന്‍ സ്വമേധയാ തയ്യാറാവുകയായിരുന്നു. അടുത്ത ബന്ധുക്കളൊഴികെ ആരും നൈസിയുടെ വൃക്കദാനം അറിഞ്ഞിരുന്നില്ല. എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ വീടുവിട്ട് പോയശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നൈസി(29) വിദ്യാര്‍ഥികളായ ലൈജി, ചിന്നു എന്നീ സഹോദരിമാര്‍ക്കും അമ്മ എല്‍സിക്കും ഒപ്പമാണ് താമസിക്കുന്നത്. പ്രാരബ്ധങ്ങള്‍ക്കിടയിലും ഒരു പ്രതിഫലവും വാങ്ങാതെയായിരുന്നു നൈസി വൃക്കദാനം നല്‍കിയത്.
വൃക്ക ദാനത്തെ കുറിച്ച് നൈസി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ-റെജിചേച്ചിയുടെ ഭര്‍ത്താവ് ജോണ്‍സണ്‍ ചേട്ടായി(48) ക്കായിരുന്നു ഏറ്റവും കൂടുതല്‍ എതിര്‍പ്പ്. ‘എന്റെ ജീവിതം വഴിമുട്ടി. ഈ കൊച്ചു പ്രായത്തില്‍ ഭാവി അവതാളത്തിലാക്കുന്ന തീരുമാനമെടുക്കല്ലേ കൊച്ചേ’യെന്നു ചേട്ടായി കണ്ണീരോടെ പറയുമായിരുന്നു. നൈസി തന്നെയാണ് ജോണ്‍സനും റെജിക്കും ധൈര്യം കൊടുത്തത്. ‘എല്ലാം ടെസ്റ്റുകളും നടത്തി നോക്കാം ചേച്ചീ, എല്ലാം ഒത്തു വന്നാല്‍ മാത്രം ചെയ്താല്‍ മതി’യെന്ന് പറഞ്ഞപ്പോള്‍ ഇരുവരും സമ്മതിക്കുകയാ യിരുന്നുവെന്നു നൈസി പറയുന്നു. ജൂണ്‍ 2-ാം തീയതി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഓപ്പറേഷന്‍. ‘താന്‍ മൂലം ഒരു കുടുംബത്തിനു നന്മ വരണമെന്നേ ആഗ്രഹിച്ചിട്ടുണ്ടായിരുന്നുള്ളു,’ നൈസി മാത്യു പറയുന്നു.
വൃക്ക ദാനത്തില്‍ ബന്ധുക്കളില്‍ നിന്ന് ആദ്യഘട്ടത്തില്‍ കടുത്ത എതിര്‍പ്പാണു നൈസിക്കു നേരിടേണ്ടി വന്നത്. ‘നീ എന്തു കണ്ടിട്ടാണു നൈസി ഇങ്ങനെ എടുത്തു ചാടണോ? സ്വന്തം ജീവിതം വച്ചാണോ ചാരിറ്റി?’ എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നൈസിയുടെ അമ്മ എല്‍സിക്കു മകളുടെ നിശ്ചയദാര്‍ഢ്യം എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റിയിരുന്നു. പാവപ്പെട്ട ഒരു കുടുംബം രക്ഷപ്പെടുന്നെങ്കില്‍ അതിനെക്കാള്‍ വലിയ കാര്യമില്ലെന്ന നിലപാടിലായിരുന്നു എല്‍സി. സഹോദരിമാരായ ലൈജിയും ചിന്നുവും ഓക്കെ പറഞ്ഞതോടെ തന്റെ മനസിലുള്ള ആഗ്രഹം നടപ്പില്‍ വരുത്താന്‍ നൈസിക്കു പിന്നെ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ജോണ്‍സണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ഈ മനസാന്നിധ്യമാണ് നൈസിയെന്ന യുവതിയുടെ കൈമുതല്‍. അതുകൊണ്ട് മാത്രമാണ് അച്ഛന്റെ തിരോധാനത്തിന് ശേഷവും കൂട്ടആത്മഹത്യയിലേക്ക് ആ കുടുംബം വീണുപോകാത്തതെന്നാണ് നാട്ടുകാരുടേയും അഭിപ്രായം. അച്ഛന്റെ കൊലയാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതും ആത്മധൈര്യം കൈമുതാലാക്കി തന്നെയാണ്. അനീഷിന്റെ പിതാവ് വാസുവിനെ നൈസി വീണ്ടും വിളിച്ചു. നേരത്തെ പറഞ്ഞതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതിലൂടെ പൊലീസ് അന്വേഷണം നടത്തുമ്പോഴും വാസു മൊഴി മാറ്റില്ലെന്ന് നൈസി ഉറപ്പിച്ചു.
എന്നാല്‍ നൈസി കരുതിയതിന് അപ്പുറമായിരുന്നു വാസുവിന്റെ നിലപാട്. കൊല നടത്തിയ മകന്‍ നിയമത്തിന് മുമ്പില്‍ കീഴടങ്ങണമെന്ന് വാസുവും ഉറപ്പിച്ചു. ഇതോടെ അന്വേഷണം ശരിയായ ദിശയിലേക്ക് പോയി. അനീഷിന് കുറ്റസമ്മതം നടത്തേണ്ടിയും വന്നു. വാസു പറഞ്ഞത് മാറ്റി പറഞ്ഞാലും അനീഷിനെ കുടുക്കാന്‍ ഫോണ്‍ റിക്കോര്‍ഡ് തെളിവായി കരുത്തിയ മുന്‍കരുതലാണ് പൊലീസിന് മുമ്പില്‍ നൈസിക്ക് പരാതി കൊടുക്കാന്‍ നിര്‍ണ്ണായകമായത്. കടക്കെണിയിലേക്ക് കുടുംബത്തിനെ തള്ളി വിട്ടുന്നതായിരുന്നു തലയോലപ്പറമ്പ് കാലായില്‍ മാത്യു(53)വിന്റെ തിരോധാനം.
എട്ടു വര്‍ഷം മുമ്പ് പിതാവിന്റെ തിരോധാനത്തിനു ശേഷം രണ്ടു അനുജത്തിമാരും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തുകയായിരുന്നു നൈസി. തന്റെ ചെറിയ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടുനീക്കുമ്പോഴും പിതാവ് എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമായിരുന്നു അവള്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പിതാവ് കൊല്ലപ്പെട്ടതാണെന്ന വിവരം നൈസി അറിയുന്നത്. അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കാണാതായ പിതാവിന്റെ കൊലയാളിയെക്കുറിച്ച് അറിഞ്ഞിട്ടും മനസാന്നിധ്യം കൈവിടാതെ നൈസി വിവരം പൊലീസിന് കൈമാറുകയായിരുന്നു. ഒപ്പം ഓഡിയോ തെളിവും.
കാണാതായ ദിവസം രാത്രി 10 വരെ മാത്യു അനീഷിനൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. ശേഷം ആശുപത്രി ക്കവലയ്ക്കു സമീപം അനീഷിന്റെ പ്രിന്റിങ് സ്ഥാപനത്തില്‍ എത്തുകയും അവിടെ വച്ച് മാത്യുവിനെ കൊലപ്പെടുത്തുകയും ചെയ്തതായാണ് അനീഷ് പൊലീസിനു നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി. തുടര്‍ന്നു കടയുടെ പിന്നില്‍ കുഴിച്ചിട്ടതായും പ്രതി കുറ്റസമ്മതം നടത്തി. സാഹചര്യതെളിവുകള്‍ ഒത്തുവന്നതിനെത്തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലം പരിശോധിക്കുവാന്‍ പൊലീസ് തീരുമാനിച്ചു. എട്ട് വര്‍ഷം മുമ്പ് ഇവിടെ റോഡിനോട് ചേര്‍ന്ന് ഒറ്റനില കടകളാണ് ഉണ്ടായിരുന്നത്. പിന്നീട് സ്ഥലം നിരപ്പാക്കി ഇവിടെ മൂന്നു നില കെട്ടിടം പണിതു.
മാത്യുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ കയര്‍ കുരുക്കിയെന്ന് കോട്ടയം എസ്പി കെ.ജി. സൈമണ്‍ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് തള്ളിക്കളയാനാകില്ല. പ്രതി അനീഷും കൊല്ലപ്പെട്ട മാത്യുവും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ പിതാവ് വാസു വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണ്. വാസുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പല തവണ അനീഷിനെയും വാസുവിനെയും അനീഷിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും അവരുടെ തീരുമാനപ്രകാരമാണ് മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നു പറയപ്പെടുന്ന കെട്ടിടത്തിന്റെ തറപൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.