സിനിമയിലെ ഇന്റിമേറ്റ് രംഗം വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി നടി തമന്ന. വെബ് സീരീസായ ജീ കര്‍ദാ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓ.ടി.ടി റിലീസായെത്തിയ ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലെ നായകനുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് തമന്നയ്ക്കെതിരെ വിമര്‍ശനമുയരാന്‍ കാരണം. ഇതില്‍ ലസ്റ്റ് സ്റ്റോറീസ് 2-ല്‍ കാമുകനായ വിജയ് വര്‍മയ്ക്കൊപ്പമായിരുന്നു വിവാദരംഗം. മോശം മാനസികാവസ്ഥയുള്ള ആളുകളാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ബര്‍ഖാ ദത്തുമായുള്ള അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങള്‍ അവതരിപ്പിക്കുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമര്‍ശിക്കാറില്ല. എന്നാല്‍ ഇതേ രംഗം ഒരു നടിയാണ് ചെയ്യുന്നതെങ്കില്‍ ആളുകള്‍ അവളെ വിലയിരുത്താന്‍ സമയം പാഴാക്കാറില്ല. എല്ലാത്തരം റോളുകളും ചെയ്ത് കരിയറില്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു വെബ്സീരീസിലെ രംഗത്തിന്റെ പേരില്‍ ഈ രീതിയിലുള്ള വിമര്‍ശനം പ്രതീക്ഷിച്ചില്ലെന്നും തമന്ന പറഞ്ഞു.