കൊച്ചി: സരിതാ നായ ഫോണില്‍ 507 തവണ വിളിച്ച തമ്പാനൂര്‍ രവി പക്ഷെ സരിതയെ നേരിട്ട് കണ്ടില്ലേ? ഇല്ലാ എന്നാണ് തമ്പാനൂര്‍ രവി സോളാര്‍ കമ്മാഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. സരിതയെ നേരിട്ട് കണ്ടിട്ടില്ല, ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. ഏതുസമയത്തു വിളിക്കുന്ന ആരുമായും താന്‍ സംസാരിക്കാറുണ്ടെന്നും തമ്പാനൂര്‍ രവി പറയുന്നു.
എന്നാല്‍ സരിതയും തമ്പാനൂര്‍ രവിയും തമ്മില്‍ 2014നും 2016നും ഇടയില്‍ 507 തവണ വിളിച്ചതിന്റെ രേഖ സോളാര്‍ കമീഷന്‍ തമ്പാനൂര്‍ രവിയെ കാണിച്ചു.
സരിതയേയും മറ്റുപ്രതികളെയും മാധ്യമങ്ങളില്‍ കണ്ടാണ് പരിചയമെന്ന് തമ്പാനൂര്‍ രവി പറഞ്ഞു. സരിതയെ ഭീഷണിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുമില്ല. ഫെനി ബാലകൃഷ്ണനെ അഭിഭാഷകനെന്നനിലിയില്‍മാത്രമാണ് അറിയാവുന്നത് എന്നും തമ്പാനൂര്‍ രവി പറഞ്ഞു.
ഫെനി ബാലകൃഷ്ണനും തമ്പാനൂറ രവിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖയും സോളാര്‍കമീഷന്‍ തമ്പാനൂര്‍ രവിയെ കാണിച്ചു. തുടര്‍ന്ന്, ചെങ്ങന്നൂരിലെ ആര്‍ഡിഒ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് ഫെനി ബാലകൃഷ്ണന്‍തന്നെ വിളിച്ചിരുന്നതെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.
സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കിക്കാന്‍ തമ്പാനൂര്‍ രവി ശ്രമിച്ചതിന്റെ തെളിവുകള്‍ സരിത പുറത്തുവിട്ടിരുന്നു. ഫോണില്‍ തമ്പാനൂര്‍ രവി സരിതയെ വിളിച്ച് മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി മൊഴിനല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
മുഖ്യമന്ത്രിയെ മൂന്നുതവണയേ കിട്ടുള്ളൂ എന്ന് പറയണമെന്നും മുഖ്യമന്ത്രിയുടെ മൊഴി നന്നായി പഠിച്ചിട്ട് പോകണമെന്നും തമ്പാനൂര്‍ രവി സരിതയെ ഫോണില്‍ ഉപദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ വക്കീലുമായി ആലോചിച്ച് മൊഴി നല്‍കണമെന്നും ആവശ്യപ്പെടുന്നതായി കേള്‍ക്കാം. ഇതെല്ലാം സരിത സമ്മതിക്കുന്നതും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരം ശ്രദ്ധിക്കണമെന്നും അവന്‍ അപകടകാരി ആണെന്നും പറയുന്നുണ്ട്. ഇതിനെല്ലാം സരിത ഒ കെ, ഒ കെ എന്ന് മറുപടിയും പറയുന്നുണ്ട്.
തമ്പാനൂര്‍ രവിയോട് ഫെബ്രുവരിയില്‍ ഹാജരാവാന്‍ സോളാര്‍കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് തമ്പാനൂര്‍ രവി ഹാജരായില്ല.