കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന്റെ മറവില്‍ തന്നെ വേട്ടയാടുകയാണെന്ന് ചാനല്‍ അവതാരകനും സിനിമാ താരവുമായ സാബു. ഒന്നുകില്‍ തന്നോട് ശത്രുതയുളളവര്‍ അല്ലെങ്കില്‍ കേസ് വഴി തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരായിരിക്കും തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും സാബു പറയുന്നു. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയത് മണിയാണെന്ന പ്രചരണവും തെറ്റാണെന്ന് സാബു പറഞ്ഞു. മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സാബു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മരണത്തിന് തലേ ദിവസം ഹോട്ടലില്‍ നിന്ന് മണിച്ചേട്ടനെ കാണാന്‍ ഞാനും ജാഫര്‍ ഇടുക്കിയും ഒപ്പമാണ് പോയത്. അവിടെച്ചെന്ന് എല്ലാവരും കൂടി വളരെ സന്തോഷത്തോടെ കുറേനേരം ചേട്ടനുമായി സംസാരിച്ചു. ഞാന്‍ അന്നു വന്നത് സംവിധായകന്‍ സാജന്‍ മാത്യൂവിന്റെ വണ്ടിയിലാണ്. അവനു പിറ്റേന്ന് മൂന്നാറിനു പോകേണ്ടതിനാല്‍ വണ്ടി വേണമെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഒരു പതിനൊന്നുമണിയോടു കൂടി ഇറങ്ങി. പീറ്ററാണ് വണ്ടിയോടിച്ചത്. എറണാകുളം പനമ്പള്ളി നഗറിലുള്ള സാജന്റെ ഫ്‌ളാറ്റില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, സാജന്റെ ഭാര്യയുടെ വണ്ടിയിലാണ് പിന്നീട് ഞങ്ങള്‍ പോയത്. ഭക്ഷണം കഴിച്ച് പീറ്റര്‍ തിരിച്ചുപോയി. എറണാകുളത്ത് റൂമെടുത്ത് ഞാനവിടെ കിടന്നു.
പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് പോയി. പരിപാടിയും കഴിഞ്ഞ് തിരിച്ച് കായംകുളത്തെത്തിയപ്പോഴാണ് നടന്‍ സാദിഖ് വിളിച്ച് മണിച്ചേട്ടന്‍ മരിച്ചെന്നു പറയുന്നത്. കേട്ടപ്പോള്‍ ഷോക്കായി. തലേ ദിവസം എന്റൊപ്പമിരുന്ന് കളിച്ചു ചിരിച്ച വ്യക്തിയാണ് മരിച്ചെന്നറിയുന്നത്. സാദിഖ് തന്നെയാണ് മണിച്ചേട്ടന്റെ മരണത്തില്‍ എനിക്കും പങ്കുണ്ടെന്ന് എല്ലാവരും പറയുന്നതായി അറിയിച്ചത്.
മദ്യപിച്ചിരുന്നോ എന്നതാണ് എല്ലാവരുടെയും വിഷയം അത് എന്റെ വ്യക്തിപരമായ മാത്രം പ്രശ്‌നമാണെന്ന സാബു അഭിമുഖത്തില്‍ പറയുന്നു. പോലീസിന് കൃത്യമായ മൊഴി കൊടുത്തിട്ടുണ്ട്. എന്തിനാണ് തന്നെ മാത്രം വേട്ടയാടുന്നതെന്ന് മനസിലാകുന്നില്ല.