കേരളത്തിലെ തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ സംവിധാനം വരുന്നു. വിവിധ ജില്ലകളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. കേരളത്തിലെ തെരുവ് ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം.
പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കും. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വേണ്ടി വരും. സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവര ശേഖരണം തുടങ്ങി. ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നത് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും.
പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ഓരോ ജില്ലയിലും ഓരോ സ്ഥലം എന്ന രീതിയിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.