യാത്രയെന്ന ആഗ്രഹത്തെ പലപ്പോഴും പിന്നോട്ടടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായ പണച്ചിലവിനെ മറികടക്കാനുള്ള സൂത്രം കണ്ടെത്തിയിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ 21കാരനായ രോഹിത്ത് സുബ്രഹ്മണ്യന്‍. ഇന്ത്യയും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പും അടങ്ങുന്ന രോഹിത്തിന്റെ സ്വപ്‌നയാത്ര അടുത്ത മാസം ആരംഭിക്കും.25 മില്ല്യണ്‍ മീറ്റര്‍ റൈഡ് എന്ന് പേരിട്ടിരിക്കുന്ന തന്റെ സ്വപ്‌നയാത്രയിലൂടെ ഇന്ത്യയും യൂറോപ്പും തെക്കു കിഴക്കന്‍ ഏഷ്യയും ബൈക്കില്‍ ചുറ്റിയ പ്രായം കുറഞ്ഞ സഞ്ചാരിയെന്ന വിശേഷണം സ്വന്തമാക്കാനൊരുങ്ങുകയാണ് രോഹിത്ത്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും 150 ദിവസങ്ങള്‍കൊണ്ടാണ് രോഹിത്ത് കാണുക.
ഇന്ത്യന്‍ ടൂറിന് പിന്നാലെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകും. മ്യാന്മര്‍, തായ്‌ലണ്ട്, ലാവോസ്, കംമ്പോഡിയ, വിയറ്റ്‌നാം, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും ബൈക്കില്‍ തന്നെയാണ് രോഹിത്ത് കണ്ടുതീര്‍ക്കുക. ഇവിടെ 90 ദിവസംകൊണ്ട് 25,000 കിലോമീറ്ററാണ് സഞ്ചരിക്കുക.ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും യാത്ര പൂര്‍ത്തിയായാല്‍ യൂറോപ്യന്‍ പര്യടനം ആരംഭിക്കും. ഫിന്‍ലന്റിലേക്ക് വിമാനമാര്‍ഗ്ഗം എത്തിയശേഷമായിരിക്കും യൂറോപ്യന്‍ സഞ്ചാരം ആരംഭിക്കുക. യൂറോപ്പിലെ 34 രാജ്യങ്ങളാണ് രോഹിത്ത് ബൈക്കില്‍ കറങ്ങുക. 120 ദിവസം കൊണ്ട് 30,000 കിലോമീറ്റര്‍ യാത്ര ചെയ്തായിരിക്കും യൂറോപ്പ് കാണുക.
സ്വന്തം വെബ് സൈറ്റായ http://fundmydream.in/ ലൂടെ ക്രൗഡ് ഫണ്ടിംഗ് എന്ന വെബ് ലോകത്തിന്റെ സാധ്യത ഉപയോഗിച്ചാണ് രോഹിത്ത് ലോകയാത്രയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായാണ് ഫണ്ട് മൈ ഡ്രീം പ്രവര്‍ത്തിക്കുക. 25 മില്ല്യണ്‍ മീറ്റര്‍ റൈഡിന് മാത്രമല്ല കഴിവുള്ള ആരുടെ ശ്രമങ്ങള്‍ക്കും തന്റെയും ഫണ്ട് മൈ ഡ്രീമിന്റേയും പിന്തുണയുണ്ടാകുമെന്നും രോഹിത്ത് പറയുന്നു. നിങ്ങള്‍ക്ക് കഴിവും സ്വപ്‌നവുമുണ്ടെങ്കില്‍, സാമ്പത്തികമെന്ന തടസം കൂട്ടായി നമുക്ക് മറികടക്കാനാകും. നൃത്തമോ സാഹിത്യമോ സംഗീതമോ ഫോട്ടോഗ്രാഫിയോ നാടകമോ സ്റ്റാര്‍ട്ടപ്പുകളോ നിങ്ങളുടെ സ്വപ്നം എന്തുമാകട്ടെ സത്യസന്ധമായ ലക്ഷ്യങ്ങള്‍ക്ക് പിന്തുണയുണ്ടാകും രോഹിത്ത് പറയുന്നു.
രോഹിത്തിന്റെ സ്വപ്ന യാത്രക്ക് ആറ് ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതുവരെ 2.87 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ രോഹിത്ത് നേടിക്കഴിഞ്ഞു. അതായത് 48 ശതമാനം സാമ്പത്തിക കടമ്പ രോഹിത്തിന്റെ സ്വപ്‌നയാത്ര ഇപ്പോള്‍ തന്നെ മറികടന്നു. യാത്ര ആരംഭിക്കാന്‍ ഇനിയും 42 ദിവസങ്ങളുള്ളതിനാല്‍ സാമ്പത്തികലക്ഷ്യം രോഹിത്ത് നേടുമെന്നു തന്നെ കരുതാം.
1000 രൂപ മുതല്‍ മുകളിലേക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് പല തരത്തിലുള്ള പ്രതിഫലവും രോഹിത്തും വെബ് സൈറ്റും വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന് 1000 രൂപ നല്‍കുന്നയാളുടെ വിവരങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ വഴി അറിയിക്കും, വ്യക്തിപരമായ സന്ദേശവും യാത്രയുടെ വിവരങ്ങള്‍ അടങ്ങുന്ന സുവനീറും, ഭാവിയില്‍ എഴുതാന്‍ പോകുന്ന പുസ്തകത്തില്‍ പരാമര്‍ശവും ഉണ്ടാകും ഒപ്പം യാത്രയെക്കുറിച്ച് തയ്യാറാക്കുന്ന ഡോക്യുമെന്ററിയിലും ഇയാളുടെ വിവരങ്ങള്‍ പറയും. 50000 രൂപ തരാന്‍ തയ്യാറായാല്‍ സ്‌പോണ്‍സറുടെ ലോഗോ രോഹിത്തിന്റെ ബൈക്കില്‍ ഒട്ടിക്കാം. യാത്രയെക്കുറിച്ചുള്ള പ്രചാരണ പോസ്റ്ററുകളിലും ഈ ലോഗോ ഉപയോഗിക്കും.
അസോസിയേറ്റ് സ്‌പോണ്‍സര്‍ എന്ന സ്ഥാനവും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ബ്രാന്‍ഡിന്റെ പ്രചരണവും ലഭിക്കും.യാത്രയുടെ ഭാഗമായി എത്തുന്ന നാടുകളില്‍ പലവിധ പണികളെടുക്കുമെന്നും രോഹിത്ത് പറയുന്നു. യാത്രയുടെ ഓരോഘട്ടത്തിലും ശാസ്ത്രീയമായി വിവരശേഖരണം നടത്തും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് പുസ്തകമെഴുതാനും ഡോക്യുമെന്ററി തയ്യാറാക്കാനും പദ്ധതിയുണ്ട്. ബൈക്കിനൊപ്പം ഗോ പ്രോ ക്യാമറയും ക്യാമറയും രോഹിത്തിന്റെ സന്തത സഹചാരികളായിരിക്കും. വ്യത്യസ്ഥചിന്തയിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് തെളിയിക്കുകയാണ് ഈ യുവാവ്.