ഇന്ത്യയിലേയ്ക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നിറങ്ങുന്നു. ഉക്രൈനില്‍ നിര്‍മ്മിച്ച അന്റോനോവ് എഎന്‍225 മ്രിയ എന്ന വമ്പന്‍ വിമാനമാണ് ഇന്ത്യയില്‍ ആദ്യമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഈ മാസം 13ന് ലാന്‍ഡ് ചെയ്യാന്‍ പോകുന്നത്.
ചെക്ക് റിപ്പബ്ലികിന്റെ തലവസ്ഥാനമായ പരേഗില്‍ നിന്നു ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലേക്കുള്ള യാത്രക്കിടെയാണ് താത്കാലികമായി മ്രിയ ഇന്ത്യയില്‍ ഇറങ്ങുന്നത്. ദീര്‍ഘ യാത്രക്കിടെ സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. 640 ടണ്‍ ഭാരം വരെ വഹിച്ച് പറന്നുയരാന്‍ കഴിവുള്ളതാണ് വിമാനം.
ഇരു ചിറകറ്റങ്ങള്‍ തമ്മിലുള്ള ദൂരം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളം വരുമെന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ 32 ടയറുകളാണ് ഈ വിമാനത്തിനുള്ളത്. ഇന്ധനക്ഷമതയുടെ കാര്യത്തിലും മ്രിയ പുറകിലല്ല. 4000 കിലോമീറ്റര്‍ നിര്‍ത്താതെ സഞ്ചരിക്കാന്‍ ഈ ഭീമന്‍ വിമാനത്തിന് സാധിക്കും.
വിമാനത്താവളത്തിന്റെ റണ്‍വെയുടെ നീളം, സാങ്കേതിക സംവിധാനങ്ങള്‍, വായു മര്‍ദ്ദം തുടങ്ങിയ സുപ്രധാനമായ ഘടകങ്ങള്‍ അനുകൂലമായതിനാലാണ് വിമാനം ഇന്ത്യയിലെ ഹൈദരാബാദില്‍ ഇറക്കാന്‍ തീരുമാനിച്ചത്.
ഹൈദരാബാദിനു ശേഷം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് വിമാനം പരിശോധനക്കായി വീണ്ടും ലാന്‍ഡ് ചെയ്യുന്നത്.